കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്ന പ്രദേശങ്ങളുടെ പട്ടികയില്‍ കേരളത്തിന് നേട്ടം. ‘മോസ്റ്റ് വെല്‍കമിങ് റീജിയന്‍സ്’ പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി കേരളം രണ്ടാമതായി. ആഗോള ഡിജിറ്റല്‍ ട്രാവല്‍ കമ്പനിയായ Booking.com 36 കോടി ഉപഭോക്തക്കളുടെ റിവ്യൂ അടിസ്ഥാനമാക്കിയാണ് റാങ്കിങ് പുറത്തുവിട്ടത്.
കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കതക്ക വിധം വിനോദ മേഖലയില്‍ പുതിയ സംരoഭങ്ങള്‍ ആരംഭിച്ചത് ടൂറിസം മേഖലയ്ക്ക് ഉണര്‍വ് നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദള്‍ശകരെത്തുന്ന പ്രദേശങ്ങളില്‍ മാരാരിക്കുളം, തേക്കടി, ആലപ്പുഴ എന്നിവ ആദ്യ 10 സ്ഥാനങ്ങളില്‍ ഇടം നേടി. പട്ടികയില്‍ മൂന്നാറും വര്‍ക്കലയും ഇടം പിടിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വ്യത്യസ്തമായ പ്രദേശങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന് വെബ്‌സൈറ്റ് പറയുന്നു.
പട്ടികയില്‍ കേരളം സ്ഥിരമായി ഇടം പിടിക്കുന്നത് ഏറെ സന്തോഷം നിറഞ്ഞ കാര്യമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തിന്റെ പരീക്ഷണാത്മക ടൂറിസം മോഡലിന്റെ വര്‍ധിച്ച സ്വീകാര്യതയാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ലോകമെമ്പാടുമുള്ള യാത്രികരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വെബ്സൈറ്റ് അനുസരിച്ച്, സംസ്ഥാനത്തെ ശാന്തമായ കായലുകള്‍, സമൃദ്ധമായ പ്രകൃതിഭംഗി, സമ്പന്നമായ സാംസ്‌കാരിക പൈതൃകം എന്നിവ എല്ലാ പ്രായത്തിലുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
അസാധാരണമായ ആതിഥ്യമര്യാദയുടെ മാതൃകയാണ് കേരളമെന്ന് ബുക്കിങ് ഡോട്‌കോമിലെ ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, ഇന്തോനേഷ്യ എന്നിവയുടെ ചുമതലയുള്ള മാനേജര്‍ സന്തോഷ് കുമാര്‍ പറഞ്ഞു.