Latest News From Kannur

ആകര്‍ഷകമായ വാഗ്ദാനം നല്‍കി കബളിപ്പിച്ചത് എട്ടാം ക്ലാസുകാരനെ; ബൈജുസ് ആപ്പ് അര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

0

കൊച്ചി: തൃപ്തികരം അല്ലെങ്കില്‍ പണം തിരികെ നല്‍കും എന്ന് ആകർഷകമായ വാഗ്ദാനം നല്‍കി വിദ്യാത്ഥിയെ കബളിപ്പിച്ച ബൈജുസ് ലേണിംഗ് ആപ്പ് 51,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.
എറണാകുളം സ്വദേശിയും എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവുമായ സ്റ്റാലിൻ എൻ. ഗോമസ്, ബൈജൂസ് ലേണിംഗ് ആപ്പിനെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

എതിർകക്ഷി നല്‍കിയ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചാണ് പതിനാറായിരം രൂപ നല്‍കി മകന് വേണ്ടി ലേണിങ് ആപ്പില്‍ ചേർന്നത്. മൂന്ന് ട്രയല്‍ ക്ലാസുകളില്‍ വിദ്യാർഥി തൃപ്തനായില്ലെങ്കില്‍ മുഴുവൻ തുകയും തിരിച്ചു നല്‍കും എന്നായിരുന്നു എതിർകക്ഷിയുടെ വാഗ്ദാനം. പരാതിക്കാരന് ചുരുങ്ങിയ സമയം നല്‍കി ബൈജുസ് ട്രെയല്‍ ക്ലാസ് തീരുമാനിച്ചതിനാല്‍ വിദ്യാർത്ഥികള്‍ക്ക് അതില്‍ പങ്കെടുക്കാൻ കഴിഞ്ഞില്ല. സേവനം തൃപ്തികരമല്ലെങ്കില്‍ പണം തിരിച്ചു നല്‍കാൻ തയ്യാറാണെന്ന് എതിർകക്ഷി പരാതിക്കാരന് ഉറപ്പു നല്‍കിയിരുന്നു. ഈ ഉറപ്പ് പാലിക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ പല പ്രാവശ്യം നേരിട്ടും ഫോണ്‍ മുഖാന്തരവും എതിർകക്ഷിയെ സമീപിച്ചുവെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായില്ല.

തുടർന്നാണ് നഷ്ടപരിഹാരവും കോടതി ചെലവും ഫീസായി അടച്ച 16,000 രൂപയും തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. വാഗ്ദാനം ചെയ്ത പോലെ വിദ്യാർഥിയില്‍ നിന്നും വാങ്ങിയ തുക തിരിച്ചു നല്‍കാതിരിക്കുന്നത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് അഭിപ്രായപ്പെട്ട ഡി. ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി. എൻ. ശ്രീവിദ്യ എന്നിവരുടെ ബെഞ്ച്, ഫീസായി നല്‍കിയ 16,000 രൂപയും 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവ് 45 ദിവസത്തിനകം പരാതിക്കാർക്ക് നല്‍കണമെന്ന് എതിർകക്ഷിക്ക് ഉത്തരവ് നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വ. മിഷേല്‍ എം. ദാസൻ കോടതിയില്‍ ഹാജരായി.

Leave A Reply

Your email address will not be published.