ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തി, എതിർത്തപ്പോൾ ചീത്ത വിളിച്ചു, കൊല്ലുമെന്ന് പറഞ്ഞു’; രാഹുലിനെതിരെ മൊഴിയിൽ ഗുരുതര ആരോപണങ്ങൾ
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ യുവതി നൽകിയ മൊഴിയിൽ ഗുരുതര ആരോപണങ്ങൾ. ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തിയെന്നാണ് യുവതി നൽകിയ മൊഴിയിൽ പറയുന്നത്. കുട്ടിയുണ്ടായാൽ രാഷ്ട്രീയ ഭാവി നശിക്കുമെന്നു രാഹുൽ പറഞ്ഞു. എതിർത്തപ്പോൾ ചീത്ത വിളിച്ചു, കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. ഗുളിക നൽകിയാണ് ഗർഭച്ഛിദ്രം നടത്തിയത്. രാഹുലിന്റെ സുഹൃത്താണ് ഗുളിക എത്തിച്ചു നൽകിയതെന്നും വിഡിയോ കോൾ ചെയ്ത് ഗുളിക കഴിച്ചെന്നു ഉറപ്പിച്ചെന്നും യുവതി നൽകിയ മൊഴിയിൽ പറയുന്നു.
അതിനിടെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നാണ് കേസിലെ മുഖ്യ കുറ്റം. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും എഫ്ഐആറിലുണ്ട്. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. തിരുവനന്തപുരം റൂറൽ എസ്പിയ്ക്കാണ് കേസിന്റെ അന്വേഷണ ചുമതല.
കേസിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തി. ഇന്നലെ വൈകീട്ടോടെയാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതികളും ഡിജിറ്റൽ തെളിവുകളും കൈമാറുകയായിരുന്നു. മൊഴിയെടുത്ത് കേസെടുക്കാൻ എഡിജിപി നിർദ്ദേശം നൽകിയതിനെ തുടർന്നാണ് യുവതിയുടെ മൊഴി നേരിട്ട് രേഖപ്പെടുത്തിയത്. കേസിൽ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടന്നേക്കുമെന്ന സൂചനകൾ പുറത്തു വന്നതോടെ രാഹുൽ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായും അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതായുമുള്ള വിവരങ്ങളും വരുന്നുണ്ട്.
പരാതി ലഭിച്ചതിനു പിന്നാലെ ക്രൈം ബ്രാഞ്ച് മേധാവി എച് വെങ്കിടേഷിനെ ഓഫീസിലേക്ക് വിളിച്ചു വരുത്തി കേസെടുക്കുന്ന കാര്യം ചർച്ച ചെയ്തു. സ്ത്രീകളെ പിന്തുടർന്നു ശല്യം ചെയ്ത കേസിൽ നേരത്തെ ക്രൈം ബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. എന്നാൽ അതിജീവിത നേരിട്ട് പീഡന പരാതി നൽകിയ സാഹചര്യത്തിൽ ഈ കേസ് പ്രത്യേക കേസായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.