Latest News From Kannur

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം; വിയോജിപ്പ് അറിയിച്ച് രാഹുല്‍ ഗാന്ധി

0

ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കാനുള്ള യോഗത്തില്‍ വിയോജനക്കുറിപ്പുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സുപ്രീം കോടതി നിലപാട് അറിഞ്ഞ ശേഷമെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നാളെ വിരമിക്കാനിരിക്കുന്ന രാജീവ് കുമാറിന്റെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനായി പ്രധാന മന്ത്രിയും കേന്ദ്ര നിയമമന്ത്രിയും വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്താണ് രാഹുല്‍ ഗാന്ധി വിയോജിപ്പ് അറിയിച്ചത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിനെ ഒഴിവാക്കിയതിനെതിരെയുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി മറ്റന്നാള്‍ പരിഗണിക്കും. ഈ സാഹചര്യത്തില്‍ പുതിയ കമ്മീഷണറെ കണ്ടെത്തുന്നതിനായുള്ള യോഗം മാറ്റിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണം സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നും അതിന്റെ വിശ്വാസ്യതയെക്കുറിച്ച് ബിജെപിക്ക് ആശങ്കയില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ രാം മേഘ്വാളും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമാണ് സെലക്ഷന്‍ കമ്മിറ്റിയിലുളളത്. കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രപതിയാണ് അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുക.

രാജീവ് കുമാറിനു ശേഷം ഏറ്റവും മുതിര്‍ന്ന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ആണ്. അദ്ദേഹത്തിന്റെ പേരിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. രാജീവ് കുമാറിന്റെ വിരമിക്കല്‍ മൂലമുണ്ടാകുന്ന ഒഴിവിലേക്കു നിയമനം നടത്തുന്നത് കൂടാതെ പുതിയ ഒരു തെരഞ്ഞെടുപ്പ് കമ്മിഷണറെ കൂടി നിയമിക്കാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം അവസാനം നടക്കാന്‍ പോകുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിനും അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ബംഗാള്‍, തമിഴ്‌നാട്, കേരളം, അസം എന്നീ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിനും നേതൃത്വം നല്‍കേണ്ടത് പുതിയതായി ചുമതലയേല്‍ക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറാണ്.

Leave A Reply

Your email address will not be published.