Latest News From Kannur

പ്രോട്ടോകോള്‍ മാറ്റിവച്ച് മോദി വിമാനത്താവളത്തില്‍; ഖത്തര്‍ അമീറിന് വന്‍ വരവേല്‍പ്പ്

0

ന്യൂഡല്‍ഹി: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഡല്‍ഹിയിലെത്തി. പ്രോട്ടോകോള്‍ മാറ്റിവച്ച് വിമാനത്താവളത്തില്‍ നേരിട്ടെത്തി അമീറിനെ സ്വീകരിച്ചു.

വിമാനത്താവളത്തില്‍ ഇരു നേതാക്കളും ആലിംഗനങ്ങള്‍ പങ്കുവെക്കുകയും പരസ്പരം ആശംസകള്‍ കൈമാറുകയും ചെയ്തു. ‘എന്റെ സഹോദരന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ സ്വാഗത ചെയ്യാന്‍ വിമാനത്താവളത്തിലെത്തി. നാളത്തെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു’ മോദി എക്‌സില്‍ കുറിച്ചു.

ഇത് രണ്ടാം തവണയാണ് ഖത്തര്‍ അമീര്‍ ഇന്ത്യയിലെത്തുന്നത്. 2015 മാര്‍ച്ചിലായിരുന്നു മുന്‍ സന്ദര്‍ശനം. നാളെ പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. നാളെ അല്‍താനിക്ക് രാഷ്ട്രപതിഭവനില്‍ സ്വീകരണവും നല്‍കും.

പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, രാജ്യാന്തര വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ കൈമാറുന്നതിനൊപ്പം, വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. അമീറിന്റെ സന്ദര്‍ശനത്തിന്റെ മുന്നോടിയായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞ ഡിസംബര്‍ 31 മുതല്‍ ജനുവരി ഒന്ന് വരെ ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യന്‍ സമൂഹം അമീറിന്റെ ഇന്ത്യ സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

Leave A Reply

Your email address will not be published.