പരിഷ്‌കാരങ്ങളും നവീകരണവും കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു എന്നതിന് തെളിവായി വരുമാനക്കണക്കുകള്‍. ഓപ്പറേഷണല്‍ വരുമാനത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ തുകയാണ് നവംബര്‍ 24 ന് കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. 9.29 കോടി രൂപയാണ് നവംബര്‍ 24 ലെ കോര്‍പറേഷന്റെ വരുമാനം.
കെഎസ്ആര്‍ടിസി ഈ വര്‍ഷം ഉയര്‍ന്ന വരുമാനം സ്വന്തമാക്കുന്ന മൂന്നാമത്തെ ദിവസമാണ് നവംബര്‍ 24. 10.19 കോടി രൂപ നേടിയ 2025 സെപ്തംബര്‍ 8 ആണ് പട്ടികയില്‍ മുന്നിലുള്ളത്. 2025 ഒക്ടോബര്‍ 6 ന് 9.41 കോടി രൂപയും വരുമാനമായി ലഭിച്ചിരുന്നു. ഇതിന് ശേഷമുള്ള ഉയര്‍ന്ന തുകയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച രേഖപ്പെടുത്തിയത് എന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
അസാധ്യമെന്ന് കരുതുന്നതെന്തും കൂട്ടായ പരിശ്രമത്തിലൂടെ നേടാനാകും എന്ന് തുടങ്ങുന്ന കുറിപ്പും ജീവനക്കാരെ അഭിനന്ദിച്ച് കൊണ്ടാണ് കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക പേജില്‍ എംഡി പങ്കുവച്ചിട്ടുണ്ട്. വളരെ പ്രതികൂല കാലാവസ്ഥയിലും ഒത്തൊരുമയോടെ മികച്ച രീതിയില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഓഫീസര്‍മാരുടെയും പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിലവിലെ എല്ലാ സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതിനായി യൂണിറ്റുകളില്‍ നടക്കുന്ന കൂട്ടായ കഠിനപ്രയത്‌നവും ഈ വലിയ നേട്ടത്തിന് കാരണമായിട്ടുണ്ട്.
പരമാവധി ജീവനക്കാരെ നിയോഗിച്ചും ഓഫ് റോഡ് കുറച്ചും കൃത്യമായ ഷെഡ്യൂള്‍ പ്ലാനിംഗ് നടത്തിയും ഓണ്‍ലൈന്‍ റിസര്‍വേഷന്‍, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ തുടങ്ങി എല്ലാ മേഖലയിലും കാലാനുസൃതമായ, ഗുണകരമായ മാറ്റങ്ങള്‍ വരുത്തിയും ആധുനിക സൗകര്യങ്ങളോടുകൂടിയ ആകര്‍ഷകമായ ബസ്സുകള്‍ ഉപയോഗിച്ച് സര്‍വിസുകള്‍ ആരംഭിച്ചും കെഎസ്ആര്‍ടിസി മുന്നേറുകയാണ്. ഇത്തരത്തില്‍ മികച്ച രീതിയിലുള്ള ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ സമീപഭാവിയില്‍ത്തന്നെ കെഎസ്ആര്‍ടിസിക്ക് സ്വയംപര്യാപ്ത സ്ഥാപനമായി മാറാനാകും എന്ന് പ്രതീക്ഷിക്കുന്നു.
ആയതിലേയ്ക്കുവേണ്ടി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന എല്ലാ പ്രിയപ്പെട്ട ജീവനക്കാരെയും സൂപ്പര്‍വൈസര്‍മാരെയും ഓഫീസര്‍മാരെയും ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നു എന്നും മാനേജ്‌മെന്റ് അറിയിച്ചു.