Latest News From Kannur

‘കാലിൽ ചങ്ങല കയ്യിൽ വിലങ്ങും’; യുഎസില്‍ നിന്നും നാടു കടത്തിയ രണ്ടാം സംഘത്തിലുള്ളവരുടെ വെളിപ്പെടുത്തല്‍

0

അമൃത്സർ: അനധികൃതമായി കുടിയേറിയെന്ന കാരണത്താല്‍ യുഎസില്‍ നിന്ന് തിരിച്ചയച്ച ഇന്ത്യക്കാരെ ഇത്തവണയും നാട്ടിലെത്തിച്ചത് കാലുകള്‍ ബന്ധിച്ചും വിലങ്ങണിയിച്ചും. ശനിയാഴ്ച രാത്രി അമൃതസറിലെത്തിയവരെ ഉദ്ധരിച്ച് പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യാത്രയില്‍ ഉടനീളം കാലുകള്‍ ചങ്ങലയില്‍ ബന്ധിക്കുകയും കൈകളില്‍ വിലങ്ങ് വയ്ക്കുകയും ചെയ്തിരുന്നു എന്ന് യാത്രികരില്‍ ഒരാളായ ദില്‍ജീത്ത് സിങ് വെളിപ്പെടുത്തുന്നു. ഇന്ത്യക്കാരെ ചങ്ങലയില്‍ ബന്ധിച്ച് നാടുകടത്തിയ യുഎസ് നടപടിയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്വന്തം പൗരന്‍മാരെ അപമാനിക്കാന്‍ ഇടവന്നത് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയാണെന്നായിരുന്നു പ്രതിപക്ഷം ഉയര്‍ത്തിയ ആക്ഷേപം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിലും വിഷയം വലിയ ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷവും നാടുകടത്തുന്നവരോടുള്ള പെരുമാറ്റത്തില്‍ മാറ്റം ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടന്നത്..

യുഎസ് മിലിറ്ററിയുടെ സി 17 വിമാനത്തിലാണ് രണ്ടാം സംഘത്തെയും ഇന്ത്യയിലെത്തിച്ചത്. രാത്രി പതിനൊന്ന് മണിയോടെ വിമാനം അമൃതസറില്‍ എത്തി. വിമാനത്താവളത്തിലെത്തിയവരെ വീടുകളില്‍ എത്തിക്കാന്‍ പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 119 പേരടങ്ങുന്ന സംഘത്തിലെ ഭൂരിഭാഗവും 18 നും 30 നും ഇടയില്‍ പ്രായമുള്ളവരാണെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഗോവ, യുപി, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ വിമാനത്തിലുണ്ടായിരുന്നു. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരേയും വഹിച്ചുള്ള ആദ്യ യുഎസ് സൈനിക വിമാനം ഫെബ്രുവരി അഞ്ചിനായിരുന്നു അമൃത്‌സറിലെത്തിയത്. 157 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മൂന്നാമത് വിമാനം ഞായറാഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave A Reply

Your email address will not be published.