Latest News From Kannur

അര ഡസനോളം പദ്ധതികള്‍, നിര്‍മാണം തുടങ്ങിയത് ഒന്ന് മാത്രം; ഇന്ത്യയിലെ അതിവേഗ റെയില്‍ പാതകള്‍ എവിടെയെത്തി?

0

കേരളത്തില്‍ വീണ്ടും അതിവേഗ റെയില്‍ പാതയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാകുകയാണ്. അതിവേഗ റെയില്‍പാത എന്ന ആശയത്തിന്റെ ചര്‍ച്ചകള്‍ക്ക് പതിറ്റാണ്ടിനെ പഴക്കമുണ്ടെങ്കിവും 2019 ലാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം പദ്ധതികളുടെ നിര്‍മാണം സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുന്നത്. ആറ് പദ്ധതികളാണ് 2019 ബജറ്റില്‍ നിര്‍ദേശിച്ചത്. ഇതില്‍ മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

2019 ല്‍ പ്രഖ്യാപിച്ചതും പിന്നീടുയര്‍ന്ന നിര്‍ദേശങ്ങളും ഉള്‍പ്പെടെ പത്തോളം പദ്ധതികള്‍ രാജ്യത്തെ വിവിധ ഇടങ്ങളിലായി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നാലായിരത്തോളം കിലോമീറ്ററാണ് വിവിധ പദ്ധതികളിലായി അതിവേഗ റെയില്‍ പദ്ധതിയുടെ ഭാഗമാവുക. കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി എന്ന പേരില്‍ അതിവേഗ റെയില്‍ പാത വിഭാവനം ചെയ്‌തെങ്കിവും പദ്ധതിക്ക് ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

ട്രെയിന്‍ യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ ഗതാഗത മേഖലയിലെ സര്‍ക്കാരിനുണ്ടാകുന്ന ചെലവ് ഗണ്യമായി കുറയ്ക്കാനാകും എന്നാണ് ഉയരുന്ന പ്രധാന വാദം. എന്നാല്‍ യാത്രക്കാരെ വഹിക്കാനുള്ള റെയില്‍വേയുടെ ശേഷി ഇപ്പോഴുള്ളതിനേക്കാള്‍ ഇരട്ടിയായി വര്‍ധിപ്പിക്കണം എന്നതാണ് ഇതിലെ പ്രധാന വെല്ലുവിളി. ഈ സാഹചര്യം മറികടക്കാന്‍ 15 വര്‍ഷത്തിനുള്ളതില്‍ 25,000 കിലോമീറ്റര്‍ വേഗപാത രാജ്യത്ത് തയ്യാറേക്കേണ്ടിവരും. ഒരു അതിവേഗ റെയില്‍ പാത ഒമ്പത് വരി വീതമുള്ള ഹൈവേയ്ക്ക് തുല്യമാണെന്നാണ് ഇ. ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നത്. യാത്രക്കാര്‍ കൂടുതലായി വേഗ പാതകളിലേക്ക് മാറുകയും ഇപ്പോഴത്തെ റെയില്‍ പാതയിലൂടെ ചരക്ക് നീക്കം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ ഉടന്‍ ട്രാക്കിലേക്ക്; ബുള്ളറ്റ് ട്രെയിനിന്റെ ടോപ് സ്പീഡ് എത്ര?, റൂട്ട് എങ്ങനെ?

മഹാരാഷ്ട്ര – തെലങ്കാന സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാണ് 767 കിലോമീറ്റര്‍ വരുന്ന നിര്‍ദിഷ്ട ഹൈ-സ്പീഡ് റെയില്‍ പാത. 2019 ല്‍ പ്രഖ്യാപിച്ച ചെയ്ത ആറ് പുതിയ ഹൈ-സ്പീഡ് റെയില്‍ ഇടനാഴികളില്‍ അഞ്ചാമത്തേതാണ് മുംബൈ – ഹൈദരാബാദ് ഹൈ-സ്പീഡ് റെയില്‍. പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള അടിസ്ഥാന ടെന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍ 2020 ഒക്ടോബറില്‍ ആരംഭിച്ചു. പദ്ധതി ചെലവ് ഇതുവരെ തീരുമാനിച്ചിട്ടില്ല. മുംബൈ അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ ഇടനാഴിയുടെ പാക്കേജ് സി 3 എന്ന നിലയില്‍ താനെയില്‍ നിന്നായിരിക്കും സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ ആയിരിക്കും നിര്‍ദിഷ്ടപാതയുടെ നിര്‍മാണം ആരംഭിക്കുക.

ചെന്നൈ – ബെംഗളൂരു- മൈസൂര്‍ ഹൈ-സ്പീഡ് റെയില്‍

തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും പ്രധാന നഗരങ്ങളായ ചെന്നൈ – ബെംഗളൂരു – മൈസൂരു എന്നിവയെ ബന്ധിപ്പിക്കുന്നതാണ് 463 കിലോമീറ്റര്‍ വരുന്ന നിര്‍ദിഷ്ട ഹൈ-സ്പീഡ് റെയില്‍ പാത. ചെന്നൈയ്ക്കും മൈസൂരിനും ഇടയില്‍ 11 സ്റ്റേഷനുകളുള്‍പ്പെടെ പരിഗണിക്കുന്ന പദ്ധതി ആറ് പുതിയ ഹൈ-സ്പീഡ് റെയില്‍ ഇടനാഴികളില്‍ ആറാമത്തേതാണ്. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്നതിനായി 2020 ഡിസംബറില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

പദ്ധതിയ്ക്കായി 1162 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരിയെന്നാണ് വിലയിരുത്തല്‍. രണ്ട് ഘട്ടങ്ങളായി നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന അതിവേഗ പാത ഒന്നാം ഘട്ടമായി ചെന്നൈ – ബെംഗളൂരു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും. 306 കിലോമീറ്ററാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.

157 കിലോമീറ്റര്‍ ലൈന്‍ വരുന്ന രണ്ടാം ഘട്ടത്തില്‍ പാത ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് നീട്ടും. 30 കിലോ മീറ്റര്‍ തുരങ്കവും നിര്‍ദിഷ്ട പാതയില്‍ ഉള്‍പ്പെടുന്നു. 2.5 കിലോമീറ്റര്‍ ചെന്നൈയിലും 2.5 കിലോമീറ്റര്‍ ചിറ്റൂരിലും 14 കിലോമീറ്റര്‍ ബെംഗളൂരു നഗരത്തിലും 2 കിലോമീറ്റര്‍ ബെംഗളൂരുവിന് പുറത്തുമാണ് തുരങ്ക പാതകള്‍ വേണ്ടിവരിക.

ഡല്‍ഹി – അമൃത്സര്‍ ഹൈ-സ്പീഡ് റെയില്‍

ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നതാണ് 465 കിലോമീറ്റര്‍ നിര്‍ദ്ദിഷ്ട ഹൈ-സ്പീഡ് റെയില്‍ പാതയായ ഡല്‍ഹി – അമൃത്സര്‍ ഹൈ-സ്പീഡ് റെയില്‍. 13 സ്റ്റേഷനുകളും ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതുമായ പദ്ധതിയുടെ ചെലവ് ഇതുവരെ തീരുമാനിച്ചിട്ടില്ല. 2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആറ് പുതിയ ഹൈ-സ്പീഡ് റെയില്‍ ഇടനാഴികളില്‍ ഒന്നാണിത്. പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനായി അടിസ്ഥാന ടെന്‍ഡര്‍ നടപടികള്‍ 2020 ഒക്ടോബറില്‍ ആരംഭിച്ചിരുന്നു.

വാരാണസി – ഹൗറ (കൊല്‍ക്കത്ത) ഹൈ-സ്പീഡ് റെയില്‍

ഉത്തര്‍ പ്രദേശ് – ബിഹാര്‍- പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാണ് 760 കിലോമീറ്റര്‍ വരുന്ന നിര്‍ദ്ദിഷ്ട ഹൈ-സ്പീഡ് റെയില്‍ ഇടനാഴി. വാരാണാസി – ഹൗറ (കൊല്‍ക്കത്ത) നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതി 2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആറ് പദ്ധതികളില്‍ ഉള്‍പ്പെടാത്തതാണ്. ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുമെന്ന് പ്രതീക്ഷിക്കുന്ന റെയില്‍ പാതയുടെ സ്റ്റേഷനുകള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ 2020 ഡിസംബറില്‍ ആരംഭിച്ചെങ്കിലും പദ്ധതി ചെലവ് ഇതുവരെ അന്തിമമാക്കിയിട്ടില്ല. 2030 ന് ശേഷം മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Leave A Reply

Your email address will not be published.