ന്യൂമാഹി: ചാലക്കര വരപ്രത്ത് കാവ് ദേവി ക്ഷേത്രത്തിൽ ഭദ്രകാളി ദേവിയുടെ ഇഷ്ട വഴിപാടായ കളമെഴുത്തും പാട്ടും നടന്നു. ഈ ക്ഷേത്രത്തിൽ ആദ്യമായാണ് കാളിദേവിക്ക് കളമെഴുത്തും പാട്ടും നടത്തുന്നത്. നാരദൻ കാളി ദേവിയുടെ രൗദ്രരൂപം മഹാദേവന് നിലത്ത് വരച്ച് കാണിച്ച് കൊടുത്തതാണ് കളമെഴുത്തായി ആചരിക്കുന്നത് എന്നാണ് വിശ്വാസം. സതീശൻ മരുതായി, ശ്രീനാഥ് മരുതായി, അമൽജിത്ത് പടിക്കച്ചാൽ എന്നിവരാണ് കളമെഴുത്ത് നടത്തിയത്. കളമെഴുത്ത് പാട്ടിലെ ചടങ്ങുകളായ ഈടും നൃത്തം, മേളപ്രദക്ഷിണം, കള പ്രദക്ഷിണം, കള പൂജ, പാട്ട്, കളത്തിലാട്ടം കൂറ വലിക്കൽ എന്നിവയോടെയാണ് കളമെഴുത്ത് പാട്ട് സമാപിച്ചത്.
ക്ഷേത്ര ഭാരവാഹികളായ വി.വത്സൻ, കെ.കെ.പത്മനാഭൻ, സുധീഷ് വരദ, കെ.കെ.സുധീഷ്, സവിത ശ്രീധരൻ എന്നിവർ നേതൃത്വം നൽകി. വെള്ളിയാഴ്ച മകര ഉത്സവത്തിൻ്റെ ഭാഗമായി രാവിലെ മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയഹോമം, വൈകുന്നേരം 6.15ന് ദീപാരാധനക്ക് ശേഷം തിടമ്പ് നൃത്തം, കടമേരി ഉണ്ണികൃഷ്ണമാരാരുടെ നേതൃത്വത്തിൽ തായമ്പക എന്നിവ നടക്കും.