Latest News From Kannur

വയനാട് പുനരധിവാസത്തിന് സംസ്ഥാനം സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണം; കേന്ദ്രം ഹൈക്കോടതിയില്‍

0

കൊച്ചി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനായി സംസ്ഥാനം പൂര്‍ണമായും കേന്ദ്രഫണ്ടിനെ ആശ്രയിക്കരുതെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് കേന്ദ്രഫണ്ടിനായി സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലെ 70 ശതമാനം ചെലവഴിച്ചശേഷം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസുമാരായ എ. കെ. ജയശങ്കരന്‍ നമ്പ്യാര്‍, എസ്. ഈശ്വരന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

എസ്ഡിആര്‍എഫില്‍ ലഭ്യമായ 120 കോടി രൂപ എങ്ങനെ ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നതിന്റെ വിശദാംശങ്ങള്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്‌കൂളുകള്‍, പാലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനുമാകും ഈ തുക ഉപയോഗിക്കുകയെന്ന് അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കി. ചെലവഴിക്കുന്ന തുകയ്ക്ക് കൃത്യമായ ഓഡിറ്റ് ഉണ്ടായിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ദുരിതാശ്വാസ പാക്കേജ് സംബന്ധിച്ച് ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് അമിക്കസ് ക്യൂറി രഞ്ജിത്ത് തമ്പാന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം പണം കണ്ടെത്തണമെന്നും, കേന്ദ്രം ചട്ടപ്രകാരം എന്തു ചെയ്യാന്‍ കഴിയുമെന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളല്‍ മറ്റൊരു പ്രശ്‌നമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതില്‍ കേന്ദ്രം തീരുമാനമെടുക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ധനകാര്യ മന്ത്രാലയത്തിന് എല്ലാ ബാങ്കുകളെയും വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. ആത്യന്തികമായി വായ്പ എഴുതിത്തള്ളുന്നത് അവരാണ്. ബാങ്കുകള്‍ക്കും നഷ്ടത്തിലേക്ക് പോകാന്‍ കഴിയില്ല. കോവിഡ് കാലത്ത് പോലും മൊറട്ടോറിയം മാത്രമേ നല്‍കിയിരുന്നുള്ളൂ, വായ്പ എഴുതിത്തള്ളല്‍ ഉണ്ടായിരുന്നില്ല എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.