പാലക്കാട്: വേതനപാക്കേജ് പരിഷ്കരിക്കുക, ഡി.ബി.ടി. നടപ്പാക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് റേഷൻ വ്യാപാരികൾ നടത്തിവന്നിരുന്ന അനിശ്ചിതകാല കടയടപ്പ് സമരത്തിന് ഒറ്റദിവസത്തിനുള്ളിൽ വിരാമമായത് ജില്ലയ്ക്ക് ആശ്വാസമായി. ജില്ലാ റേഷൻ ഡീലേഴ്സ് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന സമരത്തിൽ ജില്ലയിലെ മുഴുവൻ റേഷൻ കടകളും അടഞ്ഞുകിടന്നു.
ഉച്ചതിരിഞ്ഞ് സമരം പിൻവലിക്കുന്നതായി കോഡിനേഷൻ കമ്മിറ്റി സംസ്ഥാന നേതാക്കൾ അറിയിച്ചെങ്കിലും ഭൂരിഭാഗം റേഷൻ വ്യാപാരികളും കടകൾ തുറക്കാൻ തയ്യാറായില്ല.
ഉന്നയിച്ച ആവശ്യങ്ങളിൽ കാര്യമായ നടപടിയില്ലാതെ അനിശ്ചിതകാല സമരപ്രഖ്യാപനത്തിൽനിന്ന് പിന്മാറിയെന്ന ആരോപണം ശക്തമായതോടെ ഒരുവിഭാഗം റേഷൻ വ്യാപാരികൾക്കിടയിൽ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
പൊതുവിതരണരംഗത്തെ തകർക്കുന്ന നടപടിയിൽനിന്നും കേന്ദ്രസർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ട് കടയടച്ചിട്ട റേഷൻവ്യാപാരികൾ താലൂക്ക് സപ്ലൈ ഒഫീസിനുമുന്നിൽ ധർണ നടത്തി. ഡി.സി.സി. പ്രസിഡൻ്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കിറ്റ് കമ്മിഷൻ കുടിശ്ശിക ഉടൻ നൽകണമെന്നും ക്ഷേമനിധിയുടെ പ്രവർത്തനം സർക്കാരിന്റെ പങ്കാളിത്തത്തോടുകൂടി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഡിനേഷൻ കമ്മിറ്റി താലൂക്ക് ചെയർമാൻ എച്ച്. റാഫി അധ്യക്ഷനായി. ഡി.സി.സി. ജനറൽ സെക്രട്ടറി വി. രാമചന്ദ്രൻ, സംസ്ഥാന കോഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ശിവദാസ് വേലിക്കാട്, കെ.എം. അബ്‌ദുൾസത്താർ, എ. കൃഷ്ണൻ, താലൂക്ക് കോഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ വി. വിഷ്ണുദേവൻ, കാസിം കണ്ണാടി, എസ്. ഗണേശൻ, നവാസ് മങ്കര, എം. രവീന്ദ്രൻ, പി.എം. അബ്ദുൾനാസർ എന്നിവർ സംസാരിച്ചു.