കണ്ണൂർ: കണ്ണപുരത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒമ്പതു പ്രതികൾക്കും ജീവപര്യന്തം. പ്രതികൾക്ക് ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (3) ആണ് ശിക്ഷ വിധിച്ചത്. ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകരെയാണ് കോടതി ശിക്ഷിച്ചത്.
കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻ വീട്ടിൽ സുധാകരൻ (57), കൊത്തില താഴെവീട്ടിൽ ജയേഷ് (41), ചാങ്കുളത്തുപറമ്പിൽ രഞ്ജിത്ത് (44), പുതിയപുരയിൽ അജീന്ദ്രൻ (51), ഇല്ലിക്കവളപ്പിൽ അനിൽകുമാർ (52), പുതിയപുരയിൽ രാജേഷ് (46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടിൽ ശ്രീകാന്ത് (47), സഹോദരൻ ശ്രീജിത്ത് (43), തെക്കേവീട്ടിൽ ഭാസ്‌കരൻ (67) എന്നിവരെയാണ് ശിക്ഷിച്ചത്.
പ്രതികൾക്ക് 307 വകുപ്പ് പ്രകാരം 10 വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്. കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസിൽ ആകെ പത്ത് പ്രതികളാണുണ്ടായിരുന്നത്. അതിൽ മൂന്നാം പ്രതി കോത്തില താഴെവീട്ടിൽ അജേഷ് വിചാരണയ്ക്കിടെ വാഹനാപകടത്തിൽ മരിച്ചിരുന്നു. 2005 ഒക്ടോബർ മൂന്നിനാണ് റിജിത്ത് കണ്ണപുരം ചുണ്ട തച്ചങ്കണ്ടിയിൽ ക്ഷേത്രത്തിന് സമീപം കൊല്ലപ്പെട്ടത്.