Latest News From Kannur

പുതിയ ഗവർണർ സർക്കാരിനൊപ്പം യോജിച്ച് ഭരണഘടനാപരമായി പ്രവർത്തിക്കണം- എംവി ഗോവിന്ദൻ

0

തിരുവനന്തപുരം: പുതിയ ഗവർണർക്ക് സർക്കാരിനൊപ്പം ഭരണഘടനാപരമായി യോജിച്ച് പ്രവർത്തിക്കാൻ സാധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ സർക്കാർ പാസാക്കുന്ന നിയമങ്ങളും നിയമനിർമാണത്തിന് ആവശ്യമായ സഹായങ്ങളും എല്ലാം ചെയ്തുകൊടുത്ത് മുന്നോട്ട് പോവുന്ന ഗവർണറെയാണ് കേരളം കണ്ടിട്ടുള്ളത്. അതിൽ നിന്ന് വ്യത്യസ്‌തനായിരുന്നു നിലവിലുള്ള ഗവർണർ. അത് മാറി ശരിയായ രീതിയിൽ ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിച്ച് പോവുന്ന ഒരു സമീപനത്തിലേക്ക് ഗവർണർ എത്തണം. ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഭരണഘടനാ വിരുദ്ധ നിലപാടുകളാണ് നിലവിലുള്ള ഗവർണർ സ്വീകരിച്ചിട്ടുള്ളതെന്ന പരാതി കേരളത്തിനുണ്ട്. അതിന് വെള്ള പൂശാൻ വേണ്ടി മഹത്വവത്കരിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ചില മാധ്യമങ്ങൾ നടത്തിയിട്ടുള്ളത്. അത് തികച്ചും കേരള വിരുദ്ധമായ സമീപനമാണ്.

പുതിയ ഗവർണർ വന്നിരിക്കുന്നു. ബിജെപിയാണ് നാമനിർദേശം ചെയ്യുന്നത്. പരമ്പരാഗത ആർ.എസ്.എസ് ബി.ജെ.പി സംവിധാനത്തെ അടിസ്ഥാനമാക്കിയിട്ടാണ് ഗവർണറെ തീരുമാനിക്കുന്നത്. അതുകൊണ്ട് വരുന്ന ഒരു ഗവർണറെ പറ്റി മുൻകൂട്ടി അദ്ദേഹം എങ്ങനെയായിരിക്കും എന്ന് പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി അത്തരം ശ്രമങ്ങൾ രാജ്യ വ്യാപകമായി നടക്കുന്നുണ്ടെന്ന് എം.വി ഗോവിന്ദൻ റഞ്ഞു. ഗോൾവാർക്കറിന്റെ വിചാരധാര  അനുസരിച്ച് സംഘപരിവാറിന് മൂന്ന് ആഭ്യന്തര ശത്രുക്കളാണുള്ളത്. അതിൽ ഒന്നാമത് മുസ്ലീമും രണ്ടാമത്തേത് ക്രിസ്ത്യാനികളും മൂന്നാമത്തേത് കമ്മ്യൂണിസ്റ്റുകളുമാണ്. അതാണ് അവരുടെ പ്രത്യയശാസ്ത്രം. ഇതുവെച്ച്, താൽകാലികമായി ക്രിസ്ത്യാനികളേയും അവർ ആശ്രയിക്കുന്നുണ്ട്. ജമ്മു കശ്മ‌ീരിൽ സംയുക്ത ഭരണകൂടം ഉണ്ടാക്കുന്നതിനായി മുസ്ലീം വിഭാഗവുമായി ചേർന്ന് പ്രവർത്തിക്കുന്നു. തൃശൂർ ഉൾപ്പടെ ജയിക്കുന്നതിന് വേണ്ടി ക്രിസ്ത്യൻ വോട്ട് നേടുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ബി.ജെ.പി സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ മണിപ്പൂർ ഉൾപ്പടെയുള്ള മേഖലയിൽ ക്രിസ്ത്യാനികൾക്ക് മേലും ഇന്ത്യയിലെ വിവിധ പള്ളികൾക്ക് മേലുമുള്ള ടന്നാക്രമണം ഇപ്പോഴും തുടരുകയാണ്.

Ox

Leave A Reply

Your email address will not be published.