തലശ്ശേരി: തലായി -പാറാൽ റോഡിൽ മാക്കൂട്ടത്തെ റെയിൽവെ ഗേറ്റിന് മുകളിലൂടെയുള്ള മേൽപ്പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനത്തിന് പച്ചക്കൊടി
തലശ്ശേരി: തലായി-പാറാൽ റോഡിൽ മാക്കൂട്ടത്തെ റെയിൽവെ ഗേറ്റിന് മുകളിലൂടെയുള്ള മേൽപ്പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനത്തിന് പച്ചക്കൊടി. ഏഴിമലക്കടുത്ത കുഞ്ഞിമംഗലം, പരപ്പനങ്ങാടിയിലെ ചിറമ്മൽ മേൽപ്പാലത്തിനും ഇതിനോടൊപ്പം നിർമ്മാണ അനുമതിയായി. മൂന്ന് മേൽപ്പാലത്തിനുമായുള്ള നിർമ്മാണ പാക്കേജിന് 93 കോടി രൂപയ്ക്കാണ് കൊൽക്കത്തയിലെ റോയൽ കമ്പനിക്ക് കരാർ നൽകിയിട്ടുള്ളത്. റെയിൽവെയാണ് ഫണ്ട് നൽകുന്നതെങ്കിലും, സ്ഥലമെടുപ്പ് നടത്തേണ്ടത് സംസ്ഥാന സർക്കാരാണ്. വിദഗ്‌ധ സംഘം കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച് മണ്ണ് പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. ഹാർബർ വന്നതോടെ വീതി കൂട്ടിയ റോഡിലൂടെ നിരവധി വാഹനങ്ങളാണ് കടന്ന് പോകുന്നത്. ട്രെയിനുകളുടെ എണ്ണം വർദ്ധിച്ചതോടെ ഗേറ്റ് അടച്ചിടുമ്പോൾ വാഹനങ്ങളുടെ നീണ്ട നിര പതിവാണ്. പുന്നോൽ സൗഹൃദവേദിയും, നഗരസഭാ കൗൺസിലർ എൻ.രേഷ്‌മയും മേൽപ്പാലത്തിന് വേണ്ടി നിരന്തരം പ്രയത്നിച്ചിരുന്നു.