പൊലീസ് സ്റ്റേഷനില്‍ ഒരാളെ ശാരീരികമായി പീഡിപ്പിക്കുന്നത് കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ല; കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ട: ഹൈക്കോടതി
കൊച്ചി: പൊലീസ് സ്റ്റേഷനില്‍ ഒരാളെ ശാരീരിക പീഡനത്തിന് ഇരയാക്കുന്നത് പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി. ഇത്തരം നടപടികളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി സ്വീകരിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തനിക്കെതിരെ കേസെടുക്കാന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതിനെതിരെ നിലമ്പൂര്‍ എസ്.ഐ. ആയിരുന്ന സി. അലവി നല്‍കിയ റിവിഷന്‍ പെറ്റീഷന്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ. ബാബു ഉത്തരവ് പുറപ്പെടുവിച്ചത്.
ഹര്‍ജിക്കാരന്റെ പ്രവൃത്തിയും ഒദ്യോഗിക കൃത്യനിര്‍വഹണവും തമ്മില്‍ ന്യായമായ ബന്ധമുണ്ടെന്ന് പറയാനാവില്ലെന്ന് കോടതി വിലയിരുത്തി. സ്ത്രീയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ 2008 ജൂലൈയില്‍ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി യുവാവിനെ എസ്.ഐ. മര്‍ദ്ദിച്ചെന്നാണ് കേസ്. സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായിരുന്ന യുവാവിന്റെ സഹാദരി മര്‍ദ്ദനം തടയാന്‍ ശ്രമിച്ചു. ഗര്‍ഭിണിയായ സഹോദരിയെയും മര്‍ദ്ദിച്ചെന്നും കേസില്‍ പറയുന്നു.