സ്വര്‍ണം സൂക്ഷിക്കാന്‍ യൂറോപ്യന്‍ ക്ലോസറ്റ്; പൊലീസിനെ കബളിപ്പിക്കാന്‍ നാട്ടില്‍ തുടര്‍ന്നു; കള്ളനെ കണ്ട് വിശ്വസിക്കാനാവാതെ നാട്ടുകാര്‍
കണ്ണൂര്‍: പ്രൊഫഷനല്‍ മോഷ്ടാവിന്റെ മിടുക്കോടെയാണ് വളപട്ടണത്തെ വീട്ടില്‍ അയല്‍വാസിയായ ലിജീഷ് മോഷണം നടത്തിയതെങ്കിലും നിര്‍ണായകമായ ചില തെളിവുകള്‍ അവശേഷിപ്പിച്ചത് വിനയായി. പഴുതടച്ച അന്വേഷണത്തിലൂടെയാണ് പൊലീസ് അതിവേഗം പ്രതിയിലേക്ക് എത്തിയത്. കവര്‍ച്ച നടന്ന വീടുമായി വളരെ അടുത്ത ബന്ധം തുടരുന്നയാളാണ് ലീജീഷ്. അതുകൊണ്ടുതന്നെ വീട്ടിലുള്ള പണത്തെക്കുറിച്ചും സ്വര്‍ണത്തെക്കുറിച്ചും ലീജീഷിന് നല്ല ധാരണയുണ്ടായിരുന്നു. നേരത്തെ അതിവിദഗ്ധമായി മോഷണം നടത്തി പൊലീസിനെ കബളിപ്പിച്ചതും ലീജീഷീന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
വെല്‍ഡിങ് വിദഗ്ദ്ധനായതിനാല്‍ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു കവര്‍ച്ച. മുന്‍വശത്തെ ജനല്‍ കമ്പികള്‍ അനായസം ഇളക്കി മാറ്റിയാണ് അകത്തേക്ക് കടന്നത്. 1.21 കോടി രൂപയും 267 പവനുമാണ് അഷറഫിന്റെ വീട്ടില്‍നിന്ന് കവര്‍ന്നത്. സ്വര്‍ണവും പണവും ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വീടുമായി നല്ല പരിചയമുള്ളയാളാണ് കവര്‍ച്ച നടത്തിയതെന്ന നിഗമനത്തില്‍ പൊലീസ് നേരത്തെ തന്നെ എത്തിയിരുന്നു.
നവംബര്‍ 19ന് വീടു പൂട്ടി മധുരയില്‍ വിവാഹത്തിന് പോയ വളപട്ടണം മന്നയിലെ അഷ്‌റഫും കുടുംബവും 24ന് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ചാവിവരം അറിയുന്നത്. ലോക്കറില്‍ സൂക്ഷിച്ച ഒരുകോടി രൂപയും 300 പവന്‍ സ്വര്‍ണവും മോഷണം പോയെന്നാണ് പരാതി നല്‍കിയത്.
വീടിന്റെ താഴത്തെ നിലയിലെ ജനല്‍ ഗ്രില്‍സ് തകര്‍ത്ത് അകത്തുകയറിയ ലിജീഷ് ലോക്കര്‍ തുറന്നാണ് പണവും സ്വര്‍ണാഭരണങ്ങളും എടുത്തത്. പണവും സ്വര്‍ണവും സൂക്ഷിച്ച ലോക്കറിന്റെ താക്കോല്‍ മറ്റൊരും ഷെല്‍ഫില്‍വെച്ചശേഷം ഇതിന്റെ താക്കോല്‍ മറ്റൊരിടത്ത് വെച്ചാണ് അഷ്റഫും കുടുംബവും വീടുപൂട്ടിപ്പോയത്. ഈ താക്കോല്‍ എടുത്താണ് മോഷ്ടാവ് ലോക്കര്‍ തുറന്നത്. ഒരാള്‍ മാത്രമാണ് അകത്തു കയറിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. അഷ്‌റഫിന്റെ നീക്കങ്ങള്‍ വ്യക്തമായി അറിയുന്നയാളാണ് കവര്‍ച്ച നടത്തിയതെന്ന് അന്വേഷണ സംഘം ആദ്യ ദിവസം തന്നെ സംശയിച്ചിരുന്നു.
വിരലടയാള പരിശോധനയിലാണ് അന്വേഷണസംഘത്തിന് നിര്‍ണായകമായ തെളിവു ലഭിച്ചത്. 76 വിരലടയാളങ്ങളാണ് പരിശോധിച്ചത്. കീച്ചേരിയില്‍നിന്ന് പൊലീസ് ശേഖരിച്ച വിരലടയാളവും അഷ്റഫിന്റെ വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളവും ഒന്നാണെന്ന് വ്യക്തമായതോടെ പൊലീസ് സംശയിച്ചിരുന്ന ലീജീഷിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി ലീജീഷിനെ വിളിച്ചുവരുത്തിയ സംഘം വിരലടയാളം ഒന്നാണെന്ന് ഉറപ്പുവരുത്തി. വിശദമായ ചോദ്യം ചെയ്യലില്‍ ലിജീഷ് കുറ്റം സമ്മതിക്കുകയായിരുന്നു.
വെല്‍ഡിങ്ങ് തൊഴിലാളിയായ ഇയാള്‍ വീട്ടിന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ പ്രത്യേക അറയുണ്ടാക്കിയിരുന്നു. ഇതിനു പുറമേ യൂറോപ്യന്‍ ക്‌ളോസറ്റുമുണ്ടാക്കി.ഇതിലാണ് മോഷ്ടിച്ച പണവും സ്വര്‍ണവും സൂക്ഷിച്ചത്. 1, 21,42,000 രൂപയും 267 പവന്‍ സ്വര്‍ണവുമാണ് ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തത്.
ഒരു കോടിയും 267 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്‍; നിര്‍ണായകമായത് തിരിച്ചുവച്ച സിസിടിവി; വിരലടയാള പരിശോധനയില്‍ കുടുങ്ങി അയല്‍വാസി. പഴുതടച്ച അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ ഇരുപതംഗ കണ്ണൂര്‍ സ്‌ക്വാഡ് നടത്തിയത്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍ .അജിത്ത് കുമാറിന്റെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ എസി.പി. ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയായ ലിജീഷ് മോഷണം നടന്നതിന് ശേഷം നാട്ടില്‍ തന്നെ നിന്നത് പൊലിസിന് ആശയകുഴപ്പമുണ്ടാക്കി. കേസ് അന്വേഷണത്തിന്റെ ഭാഗമായി 115 സിഡിആര്‍ ശേഖരിച്ചു. ജയിലില്‍ നിന്നുള്‍പ്പെടെ 67 മോഷ്ടാക്കളുടെ മൊഴിയെടുത്തു. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 215 പേരെ ചോദ്യം ചെയ്തു. കോഴിക്കോട് മുതല്‍ മംഗലാപുരം വരെയുള്ള റെയില്‍വെ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്വങ്ങള്‍ പരിശോധിച്ചു.
ഒടുവില്‍ വീട്ടില്‍ നിന്നും ലഭിച്ച ഒരു സിസിടിവി ദൃശ്യത്തില്‍ നിന്നാണ് കഷണ്ടിയുള്ള ആളാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞത്. അങ്ങനെയാണ് വെല്‍ഡിങ് തൊഴിലാളിയായ ലിജീഷിലേക്ക് അന്വേഷണ സംഘമെത്തിയത്. മൂന്ന് മാസം മുന്‍പ് ഗള്‍ഫില്‍ നിന്നെത്തിയ ലിജീഷ് വെല്‍ഡിങ് ജോലിയെടുത്ത് നാട്ടില്‍ ഒതുങ്ങി കൂടുകയായിരുന്നു. മോഷണ കേസില്‍ ലിജീഷ് അറസ്റ്റിലായ വിവരമറിഞ്ഞ് നാട്ടുകാര്‍ പൊലിസ് സ്റ്റേഷനില്‍ തടിച്ചു കൂടി. എല്ലാവരോടും സൗമ്യ സ്വഭാവത്തോടെ പെരുമാറിയിരുന്ന ലിജിഷ് മോഷ്ടാവാണെ സത്യം പരിചയക്കാരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു.