ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത; തമിഴ്‌നാട്ടില്‍ അതിതീവ്രമഴ മുന്നറിയിപ്പ്, രാമേശ്വരത്ത് പെയ്തിറങ്ങിയത് 41 സെന്റിമീറ്റര്‍, ജാഗ്രത
ചെന്നൈ: അടുത്ത 24 മണിക്കൂറിനകം ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ കനത്ത മഴ തുടരുന്ന തമിഴ്‌നാട്ടില്‍ വരും ദിവസങ്ങളിലും ജാഗ്രതാനിര്‍ദേശം. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തീവ്രവും അതിതീവ്രവുമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നവംബര്‍ 26ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറിനകം രൂപപ്പെടുമെന്ന് കരുതുന്ന ചക്രവാതച്ചുഴി ശനിയാഴ്ചയോടെ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ഇതിന്റെ സ്വാധീനഫലമായാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തീവ്രവും അതിതീവ്രവുമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നിലവില്‍ കനത്തമഴ ലഭിച്ച രാമനാഥപുരം, നാഗപട്ടണം ജില്ലകളില്‍ വ്യാഴാഴ്ചയും സ്‌കൂളുകള്‍ക്ക് അവധിയാണ്. രാമനാഥപുരം ജില്ലയിലെ രാമേശ്വരം, പാമ്പന്‍ എന്നിവിടങ്ങളിലാണ് ബുധനാഴ്ച കാര്യമായ മഴ ലഭിച്ചത്.