സംഗീതത്തിനും പാട്ടുകൾക്കുമായി ജീവിതം തന്നെ മാറ്റി വച്ചൊരു കലാകാരൻ.
മലയാള ടെലിവിഷനിലെ ആദ്യകാല സംഗീത റിയാലിറ്റി ഷോകളിലെ സ്ഥിരം ജേതാവ്.
ഏഷ്യാനെറ്റിലെ”വോയിസ് ഓഫ് ദി വീക്ക്” പ്രോഗ്രാമിൽ രണ്ടു തവണ മികച്ച ഗായകനുള്ള പുരസ്‌കാരവും,”വോയ്‌സ് ഓഫ് ദി ഇയർ” ലെ സെമി ഫൈനലിസ്റ്റും,
സൂര്യാ ടിവിയിലെ “സപ്തസ്വരങ്ങൾ”ഷോയിലെ വിജയി,അങ്ങനെ
സാന്നിദ്ധ്യമറിയിച്ച സംഗീത മത്സരങ്ങളിലൊക്കെവിജയകിരീടങ്ങൾ ചൂടിയ പാട്ടുസ്നേഹി.
MSc(Chemistry), BEd,PGDCA, PhD ബിരുദധാരി.ഡോ.ഹരിദാസ്.
സ്വദേശം പത്തനംതിട്ട ജില്ലയിലെ കൈപ്പട്ടൂർ. പിതാവ് ശ്രീ.പി.കെ.ചെല്ലപ്പൻ ആചാരി വിദ്യാഭ്യാസ വകുപ്പിൽ സീനിയർ സൂപ്രണ്ടും, അമ്മ ശ്രീമതി. കെ.കെ.പൊന്നമ്മാൾ ഏഴംകുളം ഗവ.യു.പി.എസ് ഹെഡ്മിസ്ട്രസും ആയിരുന്നു. ഏകമകനായ ഹരിദാസ് കുട്ടിക്കാലം മുതലേ പഠനത്തിൽ അതി സമർത്ഥനായിരുന്നു. ചെറുപ്പത്തിലേ സംഗീത വാസന വീട്ടുകാർ തിരിച്ചറിഞ്ഞിരുന്നു.
1981ൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ല (കൊല്ലം ജില്ല) ബാലകലോത്സവത്തിൽ കലാപ്രതിഭ ആയതോടെയാണ്
ഹരിദാസ് സംഗീതവുമായി കൂടുതലടുത്തത്.
അതേ വർഷം തന്നെ ആകാശവാണി ബാലലോകത്തിൽ പങ്കെടുത്തതോടൊപ്പം ആകാശവാണി കുട്ടികളുടെ ഗായക സംഘത്തിലും ഗായകനായി.
1983 മുതൽ 1987 വരെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച്
ലളിതഗാനം, പദ്യപാരായണം, പെയിന്റിങ്ങ്,
തുടങ്ങിയ ഇനങ്ങളിലെ സ്ഥിരം വിജയിയായിരുന്നു ഹരിദാസ്.
ആകാശവാണിയിൽ ലളിതഗാനത്തിൽ 1992 മുതൽ ഗ്രേഡഡ് ആർട്ടിസ്റ്റ് കൂടിയായ ഹരിദാസ് ആകാശവാണിയിൽ എം.ജി.രാധാകൃഷ്ണൻ,
പെരുമ്പാവൂർ ജി.രവീന്ദ്രനാഥ്,
ആലപ്പി ബെന്നി,
മുരളി സിതാര തുടങ്ങിയവരുടെ സംഗീതത്തിൽ അനേകം ലളിതഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
ഇതിനകം 500 ൽ അധികം സംഗീത ആൽബങ്ങളിലും പാടിക്കഴിഞ്ഞു ഇദ്ദേഹം.
നാട്ടിലും, വിദേശങ്ങളിലുമായി
ആയിരക്കണക്കിന് വേദികളിൽ തന്റെ സ്വരമാധുരിയിലൂടെ
അനേകം ആരാധകരെ സൃഷ്ടിക്കാൻ
അദ്ദേഹത്തിന് സാധിച്ചു. അടുത്ത ബന്ധുവും പിന്നണി ഗായകനുമായ ശ്രീ.അയിരൂർ സദാശിവൻ നേതൃത്വം നൽകിയിരുന്ന
അടൂർ സൂപ്പർ മെലഡി, പത്തനംതിട്ട സരിഗ,
തിരുവനന്തപുരം ഡിസയർ, തുടങ്ങിയ ഗാനമേള ട്രൂപ്പുകളിലെ പ്രധാന ഗായകനാണ്
ഡോ.ഹരിദാസ്.സൗദി കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റിയിൽ പ്രോജക്റ്റ് സയന്റിസ്റ്റും,
സൗദി മിലിറ്ററി ഹോസ്പിറ്റലിൽ QC കെമിസ്റ്റും, സൗദി മിനിസ്ട്രി ഓഫ് ഫുഡ് & സേഫ്റ്റി വിഭാഗത്തിൽ ലാബ് മാനേജരായുമൊക്കെയായി ഉയർന്ന ഉദ്യോഗത്തിലിരിക്കുമ്പോഴും നല്ലൊരു ഗായകനായി
അറിയപ്പെടണമെന്ന
സ്വപ്നമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പക്ഷെ, അവഗണനകളുടെ
കറുത്ത മുഖമാണ് പലപ്പോഴും അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. അനേകം മലയാള സിനിമകളിൽ പാടിയെങ്കിലും
അവയിൽ പല ഗാനങ്ങളും മറ്റു ഗായകരുടെ ശബ്ദത്തിൽ പിന്നീട് കേൾക്കേണ്ടി വന്ന ഗതികേട് ഒരുപാട് അനുഭവിച്ചു കഴിഞ്ഞു ഇദ്ദേഹം. കരഞ്ഞു കൊണ്ട്
സ്റ്റുഡിയോകളിൽ നിന്നും ഇറങ്ങി പോരേണ്ടി വന്ന
എത്രയോ അനുഭവങ്ങൾ. ഉള്ളറകളിലെ പൊളിറ്റിക്സിന്റെ ബാക്കിപത്രം ആവുകയായിരുന്നു പലപ്പോഴുംഡോ.ഹരിദാസ്.പക്ഷേ, അപ്പോഴുമദ്ദേഹം സംഗീതത്തെ നെഞ്ചോട് ചേർത്ത് വയ്ക്കുകയായിരുന്നു. കഴിവുകളുണ്ടായിട്ടുംഭാഗ്യം തുണയ്ക്കാതെ പോയൊരു പിന്നണി ഗായകൻ. ഏതു ഭാവത്തിലുള്ള ഗാനവും അതിമനോഹരമായി പാടാനുള്ള
അദ്ദേഹത്തിന്റെ കഴിവുകൾ മലയാള സംഗീത സംവിധായകർ വേണ്ടവിധം പ്രയോജനപ്പെടുത്തിയിട്ടില്ല എന്നതാണ് വാസ്തവം. മലയാള സിനിമയിൽ സ്വന്തം ശബ്ദത്തിലൊരു
ഹിറ്റ്ഗാനം. ഒരുപാട്പ്രതീക്ഷയോടെ
ഡോ.ഹരിദാസ് കാത്തിരിക്കുകയാണ്. .ആ സ്വപ്ന സുരഭില നിമിഷങ്ങൾ സംഭവിക്കും..എന്നു തന്നെയാണ് അദ്ദേഹം വിശ്വസിക്കുന്നത്.അങ്ങിനെ സംഭവിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം… ശശീന്ദ്രൻ കൊയിലാണ്ടി.