മാഹി: മേഖലയിലെ ഗവ.സ്കൂളുകളിൽ സി.ബി.എസ്.സി. സിലബസ്സ് നടപ്പിലാക്കിയതോടെ വന്നു ചേർന്ന പ്രതിസന്ധികൾക്ക് പ്രശ്നപരിഹാരം തേടി പുതിയ കൂട്ടായ്മ നിലവിൽ വന്നു.
മാഹി ഗവ. സ്കൂൾ പാരൻ്റ്സ് അസോസിയേഷൻ എന്ന പേരിൽ രൂപവത്കരിച്ച സംഘടനയുടെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചു.
അധ്യാപക ക്ഷാമം എന്നതിലുപരി വിദ്യാർത്ഥികൾക്ക് സൗജന്യ സ്കൂൾ യൂനിഫോം അടക്കമുള്ള ഇനിയും ലഭ്യമാവാത്ത സർക്കാർ ആനുകൂല്യങ്ങൾ സമയ ബന്ധിതമായി നേടിയെടുക്കുക,
സ്കൂളുകളിൽ പാഠ്യ പാഠ്യേതര രംഗത്തെ ഗുണപരമായ നേട്ടങ്ങൾക്കു ആവശ്യമായ ഇsപെടൽ നടത്തുക,
സി. ബി.എസ്.ഇ. സിലബസ് പരിഷ്ക്കരണവുമായി ബന്ധപ്പെടുത്തി രക്ഷിതാക്കൾക്ക് ഫലപ്രദമായ രീതിയിൽ ബോധവല്ക്കരണം നടത്തുക എന്നീ ലക്ഷ്യങ്ങൾക്കു പ്രാധാന്യമുള്ള പ്രവർത്തനങ്ങളാണ് സംഘടന ആദ്യഘട്ടത്തിൽ ആവിഷ്ക്കരിക്കുക.
വിദ്യാലയങ്ങളിൽ കുട്ടികൾക്ക് കലാപഠനത്തിനും കായിക മികവിനും നല്കേണ്ട പരിഗണനയുടെ പ്രാധാന്യവും സംഘടന ഉയർത്തിപ്പിടിക്കുമെന്ന് ഭാരവാഹികൾ ന്യൂസ് ക്ളബ് മാഹിയിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മയ്യഴിയിലെ പൊതു സമൂഹത്തിൻ്റെ സമ്പൂർണ്ണ സഹകരണം നേടിക്കൊണ്ടാണ് പദ്ധതികൾ ആവിഷ്ക്കരിക്കുകയെന്നും ഭാരവാഹികൾ പറഞ്ഞു.
പ്രസിഡണ്ട് ശോഘിത വിനീത്, ജനറൽ സെക്രട്ടറി ഷിബു കാളാണ്ടിയിൽ, കോർഡിനേറ്റർ റഷീദ് അടുവാട്ടിൽ എന്നിവർ സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. റാഹില യൂനസ് , രഷിതവാസു, വി.വി നിഷ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.