മാഹി: തലശ്ശേരി- മാഹി ബൈപാസിൽ വാഹനങ്ങൾക്ക് യാത്ര ചെയ്യാനുള്ള ടോൾ നിരക്കിലെ ഇളവ് മാഹിയിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും അനുവദിക്കണമെന്ന് എസ് ഡി പി ഐ മാഹി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുഴപ്പിലങ്ങാട് നിന്നാരംഭിച്ച് മാഹി, പള്ളൂർ വഴിയാണ് ബൈപാസ് കടന്ന് പോവുന്നത്. എൻ.എച്ച്.എ.ഐ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ടോൾപ്ലാസ പ്രവർത്തിക്കുന്ന ജില്ലയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ടോൾ നിരക്കിൽ ഇളവ് അനുവദിച്ചതായാണ് കാണുന്നത്. മാഹിയിലെ ജനങ്ങളും ബൈപാസിനായി ഭൂമി വിട്ട് കൊടുത്തവരാണ് പുതുച്ചേരി സംസ്ഥാനത്തിൻ്റെ ഭാഗമായ മാഹിയിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും ടോൾ നിരക്കിൽ ഇളവ് അനുവദിക്കണമെന്നും കണ്ണൂർ ജില്ലയിൽ പെട്ട സ്ഥലങ്ങൾക്ക് മാത്രം ഇളവ് നൽകാൻ തീരുമാനിക്കുന്നത് മാഹിയോട് കാണിക്കുന്ന പക്ഷപാതപരമായ നിലപാടാണെന്നും എസ്ഡിപിഐ ചൂണ്ടിക്കാട്ടി.