എടക്കാട്: എടക്കാട് പബ്ലിക് ലൈബ്രറിയുടെ ഒന്നാം വാർഷികാഘോഷവും പുതുതായി സംവിധാനിച്ച ഡിജിറ്റൽ സെക് ഷൻ്റെ ഉദ്ഘാടനവും 25 ന് ഞായറാഴ്ച എടക്കാട് ബസാറിൽ നടക്കും. വൈകീട്ട് 4 ന് പ്രശസ്ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ ലൈബ്രറി കം കമ്പ്യൂട്ടർ സെൻ്ററിൻ്റെ ഉദ്ഘാടനം സയൻ്റിസ്റ്റും അക്കാദമിഷ്യനുമായ ഡോ: ഖലീൽ ചൊവ്വ നിർവഹിക്കും. കടമ്പൂർ മേഖലയിലെ വിവിധ ഗ്രന്ഥാലയ സാരഥികളെ ജില്ലാ ലൈബ്രറി കൗൺസിൽ ജനറൽ സെക്രട്ടറി പി.കെ വിജയൻ ആദരിക്കും. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി പ്രേമവല്ലി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ വ്യത്യസ്ത പ്രതിഭകൾക്ക് അനുമോദനം അക്കാദമി പുരസ്കാര ജേതാവും എഴുത്തുകാരനുമായ ടി.കെ.ഡി മുഴപ്പിലങ്ങാട് സമർപ്പിക്കും. ഗവ. ബ്രണ്ണൻ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. എ വൽസലൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി ജയരാജൻ, താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ കെ ശിവദാസൻ മാസ്റ്റർ എന്നിവർ ആശംസകൾ നേരും. തുടർന്ന് ഡോ: ഹരികുമാറിൻ്റെ ഹാർമോണിക്ക സംഗീത വിരുന്നും, പ്രകാശൻ കടമ്പൂർ സംവിധാനം ചെയ്ത ‘മത്തായിയുടെ മരണം’ ദ്വിപാത്ര നാടകവും അരങ്ങേറും. സർവ്വകക്ഷി കൂട്ടായ്മയിൽ അയ്യായിരത്തോളം പുസ്തകങ്ങളോടെ മികച്ച നിലയിൽ എടക്കാട് ടൗണിൽ കഴിഞ്ഞ വർഷം പ്രവർത്തന മാരംഭിച്ച പബ്ലിക് ലൈബ്രറിയിൽ പത്ത് ലാപ്ടോപ്പുകളും സെർവർ കമ്പ്യൂട്ടറും, കൈൻ്റിൽ ഇ റീഡർ, ഇൻ്റർനെറ്റ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഡിജിറ്റൽ വിഭാഗം സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ മാസവും ശ്രദ്ധേയമായ സാംസ്കാരിക പരിപാടികളും ഇവിടെ നടന്നുവരുന്നു.