എല്ലാ ക്ലാസ് റൂമുകളും ഹൈടെക്കായ ചൊക്ലി ഉപജില്ലയിലെ ഏക വിദ്യാലയമായി പെരിങ്ങളം നോർത്ത് എൽ പി ; ഉദ്ഘാടനം നിർവഹിച്ച് കെ.മുരളീധരൻ എം പി
പാനൂർ : കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ വലിയ പങ്കു വഹിക്കാൻ പ്രൈമറി അധ്യാപകർക്ക് മാത്രമെ കഴിയൂവെന്ന് കെ.മുരളീധരൻ എം പി. കണ്ണംവെള്ളി പെരിങ്ങളം നോർത്ത് എൽ പി സ്കൂളിൽ സ്മാർട് ക്ലാസ് റൂം ഉദ്ഘാടനവും പ്രതിഭകൾക്കുള്ള അനുമോദനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു എം പി. എം പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച നാലു ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് സ്മാർട്ട് ക്ലാസ് റൂമുകൾ ഒരുക്കിയത്. കുട്ടികൾക്കൊപ്പം ഒഴുക്കിനെതിരായി നീന്തുന്നവരാണ് പ്രീ പ്രൈമറി അധ്യാപകർ. അതുകൊണ്ടുതന്നെ കുട്ടികളുടെ രൂപീകരണത്തിൽ വലിയ പങ്കുവഹിക്കാൻ പ്രീ പ്രൈമറി അധ്യാപകർക്ക് കഴിയും. കോളേജ് അധ്യാപകരൊക്കെ ഒഴുക്കിന് അനുസരിച്ച് നീന്തുകയാണ് ചെയ്യുന്നതെന്നും എം പി പറഞ്ഞു. പിടിഎ പ്രസിഡൻ്റ് മനീഷ് കണ്ണംവെള്ളി അധ്യക്ഷനായി. ഇൻറർ നാഷണൽ മാസ്റ്റേഴ്സ് മീറ്റ് ജേതാവ് വികെ സുധിയെ പാനൂർ നഗരസഭാധ്യക്ഷൻ വി. നാസർമാസ്റ്റർ ഉപഹാരം നൽകി ആദരിച്ചു. ബി.പി.സി സുനിൽ ബാൽ, പാനൂർ നഗരസഭാ കൗൺസിലർ ഷീബ കണ്ണമ്പ്രത്ത്, മാനേജ്മെൻ്റ് പ്രതിനിധി കെ.സുഷമ, മദർ പി ടി എ പ്രസി. കെ. രഹന എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക വി.പി പ്രസീത സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഇ.റെജിന നന്ദിയും പറഞ്ഞു. എൽ എസ് എസ് വിജയികളെയും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. ചൊക്ലി സബ്ബ് ജില്ലയിലെ എല്ലാ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസ് റൂമുകളായ ഏകവിദ്യാലയം കൂടിയാണ് പെരിങ്ങളം നോർത്ത് എൽപി.