Latest News From Kannur

വന്ദേഭാരതില്‍ യാത്ര, യാത്രക്കാരോടു കുശലം; സുഖകരമായ അനുഭവമെന്ന് നിര്‍മലാ സീതാരാമന്‍

0

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാര്‍ക്കൊപ്പം സഞ്ചരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സുഖകരമായ അനുഭവമായിരുന്നുവെന്ന് യാത്രയെന്നും പറഞ്ഞുകൊണ്ട് മന്ത്രി ചിത്രങ്ങള്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചു. യാത്രക്കാരുമായി സംവദിക്കാനുള്ള ഏറ്റവും നല്ല അവസരമായിരുന്നു ഇതെന്നും മന്ത്രി പറഞ്ഞു.വന്ദേഭാരത് വന്നതിന് ശേഷം ഒരു വര്‍ഷത്തിന് ശേഷമാണ് തനിക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞതെന്നും മന്ത്രി കുറിച്ചു. യാത്രക്കാര്‍ ഓരോരുത്തരോടും മന്ത്രി വിശേഷങ്ങള്‍ ചോദിച്ചു. ചിലര്‍ മന്ത്രിക്കൊപ്പം സെല്‍ഫി എടുത്തു.

കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്കായിരുന്നു മന്ത്രിയുടെ യാത്ര. കൊച്ചിയില്‍ പുതുതായി നിര്‍മ്മിച്ച ആദായനികുതി ഓഫീസായ ആയകര്‍ ഭവന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതിന് ശേഷമാണ് നിര്‍മലാ സീതാരാമന്‍ തിരുവനന്തപുരത്തേക്ക് വന്ദേഭാരതില്‍ യാത്ര ചെയ്തത്. വന്ദേഭാരതില്‍ യാത്ര ചെയ്യുന്നവരുടെ ജനപ്രീതിയും ബുക്കിങും സൂചിപ്പിച്ചുകൊണ്ട് രാജ്യത്തെ സെമി ഹൈസ്പീഡ് ട്രെയിനുകള്‍ അവതരിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അവര്‍ അഭിനന്ദിച്ചു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മുന്‍ രാജ്യസഭാഗം ജോയ് പി അബ്രഹാം എംപിയും മന്ത്രിക്കൊപ്പം യാത്രയിലുണ്ടായിരുന്നു. ഇന്ന് രാവിലെ 11 ന് ആറ്റിങ്ങലില്‍ കേന്ദ്ര ധനസഹായ വിതരണ ചടങ്ങില്‍ പങ്കെടുത്ത മന്ത്രി വൈകീട്ട് 4.30ന് ഹയാത്ത് റീജന്‍സിയില്‍ എമര്‍ജിംഗ് ഭാരത്, ഗ്രോയിംഗ് കേരള ബിസിനസ് കോണ്‍ക്ലേവില്‍ പങ്കെടുക്കും. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്ര പദ്ധതികളുടെ ധനസഹായ വിതരണവും മന്ത്രി നിര്‍വഹിച്ചു. എസ് ബി ഐയുടെ കാഷ് വാനും എടിഎം വാനും കേന്ദ്ര ധനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

Leave A Reply

Your email address will not be published.