Latest News From Kannur

മയ്യഴി മേളം : സ്കൂൾ കലോത്സവ സ്റ്റേജിന മത്സരങ്ങൾ ഇന്നും നാളെയും (25, 26) നടക്കും

0

മാഹി:  മാഹി മേഖലയിലെ മുഴുവൻ സർക്കാർ – സ്വകാര്യ വിദ്യാലയങ്ങളിലെയും കുട്ടികളെ പങ്കെടുപ്പിച്ച് പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിക്കുന്ന സ്കൂൾ കലോത്സവമായ മയ്യഴി മേളം സീസൺ 4 ന്റെ സ്റ്റേജിന മത്സരങ്ങൾ ഇന്നും നാളെയുമായി ( നവംബർ 25, 26) പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ. ഹൈസ്കൂളിലെ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ നഗറിൽ വെച്ച്  5 വേദികളിലായി നടക്കുമെന്ന് സംഘാടകസമിതി ചെയർമാൻ സത്യൻ കേളോത്ത് അറിയിച്ചു. മാഹിയിലെ 34 ഓളം സ്കൂളുകളിൽ നിന്നായി 2000 ത്തിൽ പരം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. 25 ന് രാവിലെ 9 മണിക്ക് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ ഭദ്രദീപം കൊളുത്തി കലാമേള ഉദ്ഘാടനം ചെയ്യും. 26 ന് സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും പുതുച്ചേരി മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ് നിർവ്വഹിക്കും. എൻ.എസ്.ജി കമേൻഡോ പി.വി. മനീഷ് ( ശൗര്യ ചക്ര) മുഖ്യാതിഥിയായിരിക്കും. വിദ്യാഭ്യാസ മേലദ്ധ്യക്ഷൻ പി.പുരുഷോത്തമൻ, പോലീസ് ഇൻസ്പെക്ടർ ഷൺമുഖം, പ്രധാനാദ്ധ്യാപകൻ കെ.പി. ഹരീന്ദ്രൻ, എൻ.വൈ.കെ യൂത്ത് ഓഫീസർ കെ.രമ്യ എന്നിവർ സംബന്ധിക്കും. നാടോടി നൃത്തം, നാടൻ പാട്ട്, ഭരതനാട്യം, പ്രഛന്ന വേഷം, ശാസ്ത്രീയ സംഗീതം, ലളിതഗാനം മോണോ ആക്ട്, പദ്യംചൊല്ലൽ, സിനിമാറ്റിക്ക് ഡാൻസ് , കരോക്കെ ഗാനം, ലാഫ് & ക്രൈ, തിരുവാതിര, മാപ്പിളപ്പാട്ട്, ഒപ്പന, സംഘഗാനം, ദേശഭക്തി ഗാനം, ആംഗ്യ പ്പാട്ട്, കഥാകഥനം ഉൾപ്പെടെ പ്രീ പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള 6 വിഭാഗങ്ങളിലായി 84 ഓളം ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഓരോ വിഭാഗത്തിലും കൂടുതൽ പോയന്റ് നേടുന്ന സ്കൂളിന് ചാമ്പ്യൻഷിപ്പും കുട്ടികൾക്ക് കലാതിലകം, കലാപ്രതിഭ പുരസ്ക്കാരവും നൽകും.
ചിത്രം, കഥ, കവിത പോസ്റ്റർ, കാർട്ടൂൺ, കളറിംങ്ങ്, ഉപന്യാസം തുടങ്ങിയ രചനാ മത്സരങ്ങളും പ്രസംഗ മത്സരങ്ങളും ഇതിനകം നടന്നു കഴിഞ്ഞതായി  വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ   കെ.കെ.രാജീവ്, ആനന്ദ് കുമാർ പറമ്പത്ത്, ഡോ.കെ.ചന്ദ്രൻ, പി.കെ.ശ്രീധരൻ, എം.എ.കൃഷ്ണൻ, അലി അക്ബർ ഹാഷിം എന്നിവർ അറിയിച്ചു.

Leave A Reply

Your email address will not be published.