Latest News From Kannur

സൗമ്യ വിശ്വനാഥന്‍ വധക്കേസില്‍ ശിക്ഷാ വിധി ഇന്ന്; 15 വര്‍ഷത്തെ നിയമപോരാട്ടം

0

ന്യൂഡല്‍ഹി: മലയാളി ദൃശ്യമാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ (25) കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ ശിക്ഷ ഇന്നു വിധിക്കും. ശിക്ഷാ വിധിയിലുള്ള വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണു സാകേത് സെഷന്‍സ് കോടതിയിലെ അഡീഷനല്‍ ജഡ്ജി എസ് രവീന്ദര്‍ കുമാര്‍ പാണ്ഡേ കേസ് ഇന്നത്തേക്കു മാറ്റിയത്. 15 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്.കേസിലെ പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍, അജയ് സേഥി എന്നിവര്‍ കുറ്റക്കാരാണെന്നു കഴിഞ്ഞ 18നു കോടതി വിധിച്ചിരുന്നു. ആദ്യ 4 പ്രതികള്‍ക്കെതിരെ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ശിക്ഷ വിധിക്കും മുന്‍പു പ്രതികളുടെ പശ്ചാത്തലവും ജയിലിലെ പെരുമാറ്റവും ഉള്‍പ്പെടെ വ്യക്തമാക്കുന്ന പ്രീ സെന്റന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

നാല് പ്രതികള്‍ക്ക് മേല്‍ കൊലക്കുറ്റവും ഒരാള്‍ക്ക് മക്കോക്ക നിയമപ്രകാരവും ആണ് കുറ്റം ചുമത്തിയിരിക്കുന്നത്.  മോഷണത്തിനിടെ കരുതിക്കൂട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് കുമാര്‍, അജയ് സേത്തി എന്നിവര്‍ കുറ്റകാരക്കാരാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയാരുന്നു.   2008 സെപ്റ്റംബര്‍ 30 ന് പുലര്‍ച്ചെ കാറില്‍ വസന്ത്കുഞ്ചിലെ വീട്ടിലേക്കുള്ള യാത്രക്കിടെയാണു സൗമ്യ വിശ്വനാഥന്‍ വെടിയേറ്റു മരിച്ചത്. വീടിനു സമീപം നെല്‍സണ്‍ മണ്ടേല റോഡില്‍ വച്ചായിരുന്നു അക്രമി സംഘം കാര്‍ തടഞ്ഞതും വെടിവച്ചതും. മോഷണശ്രമത്തെ തുടര്‍ന്നു കൊല നടത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.

Leave A Reply

Your email address will not be published.