പത്തു മീറ്റര്‍ അകലെ അവര്‍; രക്ഷാദൗത്യത്തിനു തടസ്സമായി വീണ്ടും ഇരുമ്പു പാളികള്‍, പ്രതീക്ഷ വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങില്‍
ഉത്തരകാശി: സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഓഗർ മെഷീൻ ഉപയോഗിച്ചുള്ള ഡ്രില്ലിങ് തടസപ്പെട്ടതോടെ വെർട്ടിക്കൽ ഡ്രില്ലിങ്ങിന്റെ സാധ്യത പരിശോധിക്കാനുള്ള തയാറെടുപ്പിലാണ് രക്ഷാസംഘം. ടണലിന്റെ മുകളിൽ ഡ്രില്ലിങ് മെഷീൻ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കോൺക്രീറ്റ് കൂനകൾക്കിടയിൽ നിരവധി ഇരുമ്പു കമ്പികളുടെ അവശിഷ്ടങ്ങളും സ്റ്റീൽ പാളികളും തടസമായതോടെ ഓഗർ മെഷീന്റെ പ്രവർത്തനം ഇന്നലെ രാത്രിയോടെ നിർത്തിവച്ചിരുന്നു. ഈ അവശിഷ്ടങ്ങൾ ഡ്രില്ലിങ് മെഷീന്റെ ബ്ലെയ്ഡിൽ കൊള്ളുന്നതാണ് തടസമാകുന്നത്. തുടർന്ന് പൈപ്പിലൂടെ ആളുകളെ കയറ്റി കമ്പികളും സ്റ്റീൽ പാളികളും മുറിച്ചു നീക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
തകര്‍ന്നു കിടക്കുന്ന അവശിഷ്ടങ്ങള്‍ ആളുകളെ ഉപയോഗിച്ച് നീക്കുന്നതിന് 18- 24 മണിക്കൂറെങ്കിലും സമയം വേണ്ടിവരും. സ്വകാര്യ കമ്പനിയിലെ ജോലിക്കാരെ ഇതിനായി ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ തുരങ്കത്തിലൂടെ അകത്തുകയറി അവശിഷ്ടങ്ങള്‍ ചെറിയ ട്രോളികളിലാക്കി പുറത്തെത്തിക്കും എന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച സാങ്കേതിക തകരാർ നേരിട്ടതിനെത്തുടർന്ന് 24 മണിക്കൂറിലധികം മെഷീൻ നേരത്തെ പ്രവർത്തനരഹിതമായിരുന്നു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള സുരക്ഷാ കുഴല്‍ തൊഴിലാളികളുടെ സമീപത്തെത്താൻ ഇനി അവശേഷിക്കുന്നത് മീറ്ററുകൾ മാത്രമാണ്.41 തൊളിലാളികൾ തുരങ്കത്തിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് 14 ദിവസമായി. തുരങ്കത്തിനുള്ളില്‍ കഴിയുന്ന തൊഴിലാളികള്‍ സുരക്ഷിതരാണെന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. സുരക്ഷാ കുഴൽ സ്ഥാപിക്കുന്ന പ്രക്രിയ പൂർത്തിയായി കഴിഞ്ഞാൽ സുരക്ഷാ കുഴലിലൂടെ സ്‌ട്രെച്ചറില്‍ ഓരോരുത്തരെയായി പുറത്തെത്തിക്കും.