വിശാഖപട്ടണം: തന്റെ ഇഷ്ട ഫോര്‍മാറ്റിലേക്ക് കളം മാറിയതോടെ വീണ്ടും ബാറ്റിങിലെ അപാരത പ്രകടിപ്പിച്ച് സൂര്യകുമാര്‍ യാദവ്. ഏകദിന ലോകകപ്പില്‍ അമ്പേ പരാജയപ്പെട്ട താരം പക്ഷേ ടി20 ഫോര്‍മാറ്റിലെ തന്റെ മികവ് ഇത്തവണയും തുടര്‍ന്നു. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 ഇന്ത്യ ജയിച്ചപ്പോള്‍ ക്യാപ്റ്റനായി മുന്നില്‍ നിന്നു നയിച്ചാണ് താരം ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്.
‘ഇഷാന്‍ എന്നെ നന്നായി സഹായിച്ചു. ഇഷാന്‍ ഒരു ഭാഗത്ത് ഉറച്ചു നിന്നതിനാല്‍ എനിക്ക് ഭയരഹിതമായി കളിക്കാന്‍ സാധിച്ചു.’ഇന്ത്യയെ അവസാന ഘട്ടത്തില്‍ ജയത്തിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച റിങ്കു സിങിനെയും സൂര്യ അഭിനന്ദിച്ചു.
‘അത്രയും സമ്മര്‍ദ്ദം നില്‍ക്കുമ്പോഴും റിങ്കു അടിമുടി ശാന്തനായിരുന്നു. ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ റിങ്കു സംയമനം പാലിച്ചു കളിച്ചു. അതൊരു മികച്ച കാഴ്ചയായിരുന്നു.’ ‘കൂറ്റന്‍ സ്‌കോര്‍ പിന്തുടരേണ്ടതിന്റെ സമ്മര്‍ദ്ദം നേരിയ രീതിയില്‍ ബാധിച്ചിരുന്നു. ഡ്രസിങ് റൂമില്‍ അതു പ്രകടമായിരുന്നു. കാരണം ഇത്തരമൊരു നിമിഷത്തെ നേരിട്ട പരിചയം കാര്യമായി ആര്‍ക്കും ഇല്ല. ഈ കളി ജയിക്കുന്നത് അങ്ങേയറ്റം ആവേശകരമായിരിക്കുമെന്നു ഞങ്ങള്‍ പരസ്പരം പറഞ്ഞിരുന്നു. അതു സാധിച്ചു. അടുത്ത മത്സരത്തിനായി കാത്തിരിക്കുന്നു’- എസ്‌കെവൈ വ്യക്തമാക്കി.