മുംബൈ: ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ കൊഹ്‌ലി അന്തരിച്ചു. 95 വയസായിരുന്നു. മുംബൈയിലെ വസതിയില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ നാഗിന്‍, ജാനി ദുശ്മന്‍, നൗകര്‍ ബിവി കാ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.
കുടുംബ സുഹൃത്തായ വിജയ് ഗ്രോവറാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. കുളിക്കാനായി ബാത്ത്‌റൂമില്‍ കയറിയ രാജ്കുമാര്‍ കൊഹ്‌ലി പുറത്തുവരാതെ ഇരുന്നതോടെ മകന്‍ വാതില്‍ പൊളിച്ച് അകത്തുകയറുകയായിരുന്നു. അപ്പോഴാണ് നിലത്ത് കിടക്കുന്ന നിലയില്‍ അദ്ദേഹത്തെ കണ്ടത്. ഡോക്ടര്‍മാര്‍ എത്തിയാണ് മരണം സ്ഥിരീകരിച്ചത്. 1970-80 കാലഘട്ടത്തിലെ ബോളിവുഡിലെ പ്രമുഖ സംവിധായകനായിരുന്നു അദ്ദേഹം. അക്കാലത്തെ സൂപ്പര്‍താരങ്ങളായ സഞ്ജീവ് കുമാര്‍, സുനില്‍ ദത്ത്, ധര്‍മേന്ദ്ര തുടങ്ങിയവര്‍ക്കൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചു. ബാദില്‍ കി ആഗ്, രാജ് തിലക്, പതി പത്‌നി ഓര്‍ തവൈഫ് തുടങ്ങിയവയാണ് മറ്റ് പ്രധാന സിനിമകള്‍. നടി നിഷി കൊഹ്‌ലി ഭാര്യയാണ്. അര്‍മാന്‍ കൊഹ്‌ലി മകനാണ്.