ആഗോള നിക്ഷേപക സംഗമത്തിന് 30ന് കണ്ണൂരില്‍ തുടക്കം; മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും പ്രചാരണ വീഡിയോ ജോണ്‍ ബ്രിട്ടാസ് എംപി പുറത്തിറക്കി
കണ്ണൂര്‍ : കണ്ണൂരിന്റെ വ്യവസായ കുതിപ്പിന് കരുത്ത് പകരാന്‍ ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമം ഒക്ടോബര്‍ 30, 31 തീയ്യതികളില്‍ കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ നടക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 30ന് രാവിലെ 10.30ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. സംഗമത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകര്‍ക്ക് ലെയ്‌സണ്‍ ഓഫീസര്‍മാരുടെ സഹായം ലഭ്യമാക്കുകയും പദ്ധതികളുടെ മോണിറ്ററിങ്ങ് ഉറപ്പാക്കുകയും ചെയ്യുമെന്ന് പി പി ദിവ്യ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന, കണ്ണൂരിന്റെ വികസന മുന്നേറ്റത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യപ്പെടുന്ന കണ്ണൂരുകാരും അല്ലാത്തവരുമായ പ്രവാസി നിക്ഷേപകര്‍ സമ്മിറ്റില്‍ പങ്കെടുക്കും. ആദ്യദിനത്തില്‍ വ്യവസായം, കാര്‍ഷികം എന്നിവയിലും രണ്ടാം ദിനം ടൂറിസം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി മേഖലയിലുമാണ് ചര്‍ച്ചകള്‍ നടക്കുക. പ്രവാസി വ്യവസായികളില്‍ നിന്ന് പുതുസംരംഭങ്ങളിലൂടെ ജില്ലയിലെ വ്യവസായത്തിന് നിക്ഷേപം സമാഹരിക്കുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിക്കും. എം പിമാരായ കെ സുധാകരന്‍, ഡോ വി ശിവദാസന്‍, എം എല്‍ എമാരായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ കെ ശൈലജ ടീച്ചര്‍, കെ പി മോഹനന്‍, സണ്ണി ജോസഫ്, കെ വി സുമേഷ്, ടി ഐ മധുസൂദനന്‍, എം വിജിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വ്യവസായ -കാര്‍ഷിക നയങ്ങളും പദ്ധതികളും എന്ന വിഷയം വ്യവസായ വകുപ്പ് അഡീഷനല്‍ ഡയരക്ടര്‍ ഡോ. കെ എസ് കൃപകുമാര്‍, പ്രൊഫ. വി പത്മാനന്ദ് എന്നിവര്‍ അവതരിപ്പിക്കും.
31ന് പരിപാടി രാവിലെ 10 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. മേയര്‍ ടി ഒ മോഹനന്‍ മുഖ്യാതിഥിയാകും. പി സന്തോഷ് കുമാര്‍ എംപി, സജീവ് ജോസഫ് എം എല്‍ എ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ടൂറിസം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി എന്നിവയില്‍ ചര്‍ച്ചകള്‍ നടക്കും. ടൂറിസം വകുപ്പ് കെ ടി ഐ എല്‍ ചെയര്‍മാന്‍ എസ് കെ സജീഷ്, ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ടി സി മനോജ്, ബിനു കുര്യാക്കോസ്, പ്രൊഫ. എ സാബു, പി എം റിയാസ് എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
ടൂറിസം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ടെക്നോളജി, വിദ്യാഭ്യാസം, റീട്ടെയില്‍, കയറ്റുമതി, സേവന മേഖലകള്‍, മറ്റു വ്യാപാര ശൃംഖലകള്‍ ഉള്‍പ്പെടെ പ്രവാസികള്‍ക്ക് കണ്ണൂരില്‍ ആരംഭിക്കാവുന്ന ചെറുതും വലുതുമായ സംരംഭങ്ങളാണ് നിക്ഷേപക സംഗമത്തിലൂടെ പ്രതീക്ഷിക്കുന്നത്. യു എ ഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലില്‍ നിന്നായി 200 ഓളം പ്രവാസി സംരംഭകര്‍ സമ്മിറ്റില്‍ പങ്കെടുക്കും. പ്രവാസി സംരംഭകര്‍ക്ക് പദ്ധതികള്‍ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും. കണ്ണൂരിന്റെ വ്യവസായ സംരംഭകത്വ സാധ്യതാ പഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് തയാറാക്കി സംഗമത്തില്‍ അവതരിപ്പിക്കും. ഇതുവഴി നിക്ഷേപകര്‍ക്ക് കൃത്യമായ ദിശാബോധം ലഭ്യമാക്കാനാകും.
നിക്ഷേപക സംഗമത്തിന്റെ പ്രചാരണവീഡിയോ ലോഞ്ചിംഗ് ജോണ്‍ബ്രിട്ടാസ് എം പി നിര്‍വഹിച്ചു.
ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരംസമിതി അധ്യക്ഷരായ യു പി ശോഭ, കെ കെ രത്‌നകുമാരി, ടി സരള, അംഗങ്ങളായ ചന്ദ്രന്‍ കല്ലാട്ട്, കെ വി ബിജു, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍മാനേജര്‍ എ എസ് ഷിറാസ്, വ്യവസായ കേന്ദ്രം മാനേജര്‍ രവീന്ദ്രകുമാര്‍, ടി പി വിജയന്‍ എന്നിവര്‍ പങ്കെടുത്തു.