തിരുവനന്തപുരം :സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായ് സംഘടിപ്പിച്ച ദേശീയ കാലാവസ്ഥാ സമ്മേളനത്തിൽ തെരഞ്ഞെടുത്ത മികച്ച പത്ത് പ്രോജക്ടുകളിൽ രണ്ടെണ്ണം കണ്ണൂർ ജില്ലയിലെ കരിയാട് നമ്പ്യാർസ് ഹയർ സെക്കണ്ടറി സ്കൂളിന്റേത്.
മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നടന്ന പരിപാടിയിൽ നാനൂറോളം പ്രബന്ധങ്ങൾ അവതരിപ്പിക്കുകയുണ്ടായി. ഇതിൽ നിന്നും തിരഞ്ഞെടുത്ത പത്ത് പ്രബന്ധങ്ങൾ ആണ് സമ്മാനാർഹമായത്. രണ്ടു ടീമുകളാണ് കരിയാട് നമ്പ്യാർസ് ഹയർ സെക്കന്ററി സ്കൂളിനെ പ്രധിനിധീകരിച്ചു പങ്കെടുത്തത്.
മൺസൂൺ മഴയും മയ്യഴി പുഴയുടെ ഭാഗമായിട്ടുള്ള മോന്താൽ മുതൽ പെരിങ്ങത്തൂർ വരെ ഉള്ള ഭാഗങ്ങളിലെ പ്രളയ സാധ്യതയും
എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്ലസ് ടു വിദ്യാർഥികൾ ആയ ദേവിക സുധീഷ്, മുസൈന, ഫാഹിം അബ്ദുള്ള, റിഫ ഫാത്തിമ എന്നിവർ പ്രാബന്ധം അവതരിപ്പിച്ചു.2016 മുതൽ 2023 വരെ പഠന പ്രദേശത്ത് ലഭിച്ച മഴയുടെ അളവ് വിശകലനം ചെയ്ത് വിവിധ വർഷങ്ങളിൽ സംഭവിച്ച പ്രളയ സാഹചര്യങ്ങൾ മനസ്സിലാക്കുകയാണ് ഇവർ ചെയ്തത്.
2020 ലെയും 2023 ലെയും തെക്കു പടിഞ്ഞാറൻ മൺസൂൺ കാലാവസ്ഥയുടെ സ്വഭാവ സവിശേഷതകളെ കുറിച്ച് സ്വാതി, സൂര്യ നന്ദ, ദിയാഗ് എന്നിവരുമാണ് പ്രബന്ധം അവതരിപ്പിച്ചത്.പഠന പ്രദേശത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ച 2020 ലെയും ഏറ്റവും കുറവ് മഴ ലഭിച്ച 2023ലെയും വ്യത്യാസങ്ങളുടെ കാരണം ശാസ്ത്രീയമായി മനസിലാക്കുക എന്നതായിരുന്നു ഈ പഠനം.ഭൂമിശാസ്ത്രം അദ്ധ്യാപകൻ ആയ വിബിൻലാൽ സി.എച്ച് ന്റെ നേതൃത്വത്തിലാണ് കുട്ടികൾ പഠന പ്രവർത്തനങ്ങൾ നടത്തിയത്.
ജ്യോഗ്രഫി പഠന വിഷയമായുള്ള ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിൽ സമഗ്രശിക്ഷ കേരളം സ്ഥാപിച്ച സ്കൂൾ വെതർ സ്റ്റേഷനുകളുമായി ബന്ധപ്പെട്ടാണ് പഠന പ്രവർത്തനങ്ങൾ നടന്നത്.
ഹരിയാന, ചത്തിസ്ഗഢ്, ചണ്ടീഗഢ് തുടങ്ങിയ ഉത്തേരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നടക്കം മൂന്നോറോളം വിദ്യാർത്ഥികളുടെ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു.
ഗവേഷണ പ്രോജക്ടുകളുടെ അവതരണം, പോസ്റ്റർ പ്രസന്റേഷൻ, സെമിനാർ തുടങ്ങിയവ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.
രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയുടെ സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി ശ്രീ : വി. ശിവൻകുട്ടി നിർവഹിച്ചു.
: