Latest News From Kannur

മട്ടന്നൂര്‍ അഗ്‌നിരക്ഷാ നിലയത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു

0

കണ്ണൂർ :   മട്ടന്നൂര്‍ അഗ്‌നിരക്ഷാ നിലയത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. മട്ടന്നൂര്‍-തലശ്ശേരി റോഡില്‍ നിടുവോട്ടുംകുന്ന് പ്രദേശത്താണ് 5.53 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. പ്രവൃത്തി പുരോഗമിക്കുന്നു. പഴശ്ശി ഇറിഗേഷന്‍ വിട്ടുനല്‍കിയ 1.03 ഏക്കറിലാണ് രണ്ട് നിലകളുള്ള കെട്ടിടം നിര്‍മ്മിച്ചത്. 1062 ചതുരശ്ര മീറ്ററുള്ള താഴത്തെ നിലയില്‍ വാഹനങ്ങള്‍ക്കുള്ള ഗ്യാരേജ്, വെയിറ്റിംഗ് ഏരിയ, മെക്കാനിക് റൂം, സ്റ്റോര്‍ റൂം, ഫ്യുവല്‍ ആന്റ് ലൂബ്രിക്കന്റ് റൂം, വാച്ച് റൂം, റെക്കോര്‍ഡ് റൂം, ഓഫീസ് റൂം, മെഡിക്കല്‍ റൂം, കമ്പ്യൂട്ടര്‍ റൂം, ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്സ് മുറി, കിച്ചണ്‍, പാന്‍ട്രി, ഡൈനിംഗ്, സ്റ്റോര്‍, ടോയ്‌ലറ്റ് ബ്ലോക്കുകള്‍ എന്നിവയും സ്റ്റേഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എന്നിവരുടെ മുറികളുമാണ് ഒരുക്കുക. 625 ചതുരശ്ര മീറ്ററില്‍ ഉള്ള ഒന്നാം നിലയില്‍ ജീവനക്കാര്‍, മറ്റ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കുള്ള റസ്റ്റ് റൂം, റിക്രിയേഷന്‍ റൂം, ജിം ഏരിയ, സ്റ്റോര്‍ റൂം, ടോയ്‌ലറ്റ് ബ്ലോക്കുകള്‍ എന്നിവയാണ് ഉണ്ടാവുക. ഒന്നാം നിലയില്‍ ബാക്കിയുള്ള സ്ഥലം ഭാവിയില്‍ വികസിപ്പിക്കാന്‍ പാകത്തില്‍ ഓപ്പണ്‍ ടെറസ് ആയി നിലനിര്‍ത്തിയിട്ടുണ്ട്. 2022 ജൂണിലാണ് നിര്‍മാണ പ്രവൃത്തി തുടങ്ങിയത്. 2021 ഒക്ടോബര്‍ മുതല്‍ മട്ടന്നൂര്‍ വായാന്തോടുള്ള വാടക കെട്ടിടത്തിലാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.
അത്യാഹിത സാഹചര്യങ്ങളെ ഫലപ്രദമായും കാര്യക്ഷമമായും നേരിടാന്‍ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാവുന്ന മട്ടന്നൂരിലെ ഫയര്‍ സ്റ്റേഷന് സാധിക്കുമെന്നും നവംബറില്‍ ഉദ്ഘാടനം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ പറഞ്ഞു.

Leave A Reply

Your email address will not be published.