ന്യൂഡൽഹി: ദേശിയ പുരസ്കാര വേദിയിൽ അഭിമാനമായി മലയാള സിനിമ. മികച്ച തിരക്കഥയ്ക്കുൾപ്പടെ നിരവധി പുരസ്കാരങ്ങളാണ് മലയാള സിനിമ മേഖലയെ തേടിയെത്തിയത്.
സംസ്ഥാന അവാർഡിൽ നിന്ന് അവഗണിക്കപ്പെട്ടെന്ന് ആരോപണം ഉയർന്ന ഹോം ആണ് മികച്ച മലയാളം ചിത്രം. റോജിൻ തോമസാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസിന് പ്രത്യേക പരാമർശവും നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് സിനിമയിലൂടെ ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്തായത്. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ‘ആവാസ വ്യൂഹം’ നേടി. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ സ്വന്തമാക്കി. മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്കാരം മലയാളം ചിത്രം ചവിട്ട് നേടി.