തിരുവനന്തപുരം: ബംഗളൂരുവില്‍ ചികിത്സയിലിരിക്കെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തത്തെിച്ചു. സര്‍ക്കാരിനെ പ്രതിനീധികരിച്ച് മന്ത്രി വി ശിവന്‍കുട്ടിയാണ് വിമാനത്താവളത്തിലെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല, എംഎം ഹസന്‍, കൊടിക്കുന്നല്‍ സുരേഷ്, വിഎസ് ശിവകുമാര്‍ തുടങ്ങി നിരവധി നേതാക്കളും അയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും എത്തിയിരുന്നു. അവിടെ നിന്ന് മൃതദേഹം വിലാപയാത്രയായി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീടായ ‘പുതുപ്പള്ളി ഹൗസി’ലേക്ക് കൊണ്ടുപോകും.
നാലു മണിയോടെ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലെത്തിച്ച് പൊതുദര്‍ശനത്തിനു വയ്ക്കും.മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി തുടങ്ങിയവരെല്ലാം ദര്‍ബാര്‍ഹാളില്‍ മുന്‍മുഖ്യമന്ത്രിക്ക് അന്തിമോപചാരം അര്‍പ്പിക്കും. തുടര്‍ന്ന്, അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോള്‍ പോയിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പൊതുദര്‍ശനം. ആറു മണിയോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. രാത്രി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലേക്കു തന്നെ മൃതദേഹം കൊണ്ടുപോകും. സെക്രട്ടേറിയറ്റില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ബുധനാഴ്ച രാവിലെ വിലാപയാത്രയായി തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് കോട്ടയത്തേക്കു കൊണ്ടുവരും. തിരുനക്കര മൈതാനത്തു പൊതുദര്‍ശനത്തിനു വച്ച ശേഷം പുതുപ്പള്ളിയിലേക്കു കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണു സംസ്‌കാര ചടങ്ങുകള്‍. മുന്‍മന്ത്രി ടി ജോണിന്റെ ബംഗളൂരുവിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.