Latest News From Kannur

എസ്എഫ്‌ഐക്കാര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം; ജില്ലാ പ്രസിഡന്റ് അടക്കം 19 പേര്‍ റിമാന്‍ഡില്‍; ആറുപേര്‍ കൂടി പിടിയില്‍

0

കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് അടിച്ചു തകര്‍ക്കുകയും ഓഫീസ് സ്റ്റാഫിനെ മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ ആറ് എസ്എഫ്ഐ പ്രവർത്തകർ കൂടി പിടിയിലായി. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 25 ആയി.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുള്ളത്.

 

സംഭവത്തില്‍ എസ്എഫ്‌ഐ വയനാട് ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു അടക്കം 19 പേര്‍ നേരത്തെ പിടിയിലായിരുന്നു.  അറസ്റ്റിലായ 19 പേരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കൽപ്പറ്റ മുൻസിഫ് കോടതിയാണ് ഇവരെ റിമാൻഡ് ചെയ്തത്.

എഡിജിപി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മാനന്തവാടി ഡിവൈഎസ്പി എ പി ചന്ദ്രനാണ് അന്വേഷണ ചുമതല. കമ്പളക്കാട് സിഐ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി 24 അം​ഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നൂറുകണക്കിന് എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് രാഹുല്‍ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതും ഓഫീസ് ആക്രമിച്ചതുമെന്നും, അവരെയെല്ലാം അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പരിസ്ഥിതി ലോല വിഷയത്തില്‍ രാഹുല്‍ഗാന്ധി എംപി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയിലെ എംപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

Leave A Reply

Your email address will not be published.