നാളെ ലോകഭക്ഷ്യസുരക്ഷാദിനം. ഭക്ഷ്യജന്യരോഗങ്ങൾ മൂലം ജനങ്ങൾക്കുണ്ടാകുന്ന കെടുതികളും രോഗങ്ങളും മരണങ്ങളും ദൂരീകരിക്കുക എന്ന മഹത്തായ ലക്ഷ്യവുമായാണ് 2018 ൽ ഐക്യരാഷ്ട്ര പൊതുസഭ ജൂൺ 7 ലോകഭക്ഷ്യദിനമായി വിശ്വവ്യാപകമായ തോതിൽ ആചരിക്കാൻ തുടക്കമിട്ടത് .ലോകഭക്ഷ്യസുരക്ഷാദിനാചരണത്തിന് മുന്നോടിയായി കൂട്ടിവായിക്കേണ്ട ചിലകാര്യങ്ങൾ കൂടി . ശുദ്ധമായ വായു ,ജലം ,ഭക്ഷണം എന്നിവ ഓരോ പൗരൻറെയും ജന്മാവകാശമാണ്. ആ അവകാശങ്ങൾ സംരക്ഷിക്കേണ്ട ബാദ്ധ്യത അതാതിടങ്ങളിലെ അതാത് കാലത്തെ ഭരണകർത്താക്കൾക്കുമുണ്ട് . മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളിൽ പരമപ്രധാനമാണ് ആഹാരം . ആഹാരപദാർത്ഥങ്ങൾ ശുദ്ധമായതോതിൽ ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന്ഉറപ്പ് വരുത്തേണ്ടത് ഭരണകർത്താക്കളുടെ കടമയാണ്. അതില്ലാതെ വരുന്ന ഘട്ടത്തിൽ ഏതൊരു ഭരണകൂടവും ജനങ്ങൾക്ക് തീരാശാപവും ദ്രോഹകരവുമാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാനാകുമോ ?
ഭരണ നേട്ടങ്ങൾ അക്കമിട്ട് അടിവരയിട്ട് എണ്ണിപ്പറഞ്ഞുകൊണ്ട് അച്ചുനിരത്തി പരസ്യകോലാഹലങ്ങൾ ഉണ്ടാക്കിയാലും വിഷത്തിനും മായത്തിനുമിടയിൽപെട്ട് അനുദിനം രോഗികളായി നശിച്ചുകൊണ്ടിരിക്കുന്ന ജനലക്ഷങ്ങൾക്ക് പരമപുച്ഛത്തോടെ മാത്രമേ അതിനെ നോക്കിക്കാണാനാവൂ എന്ന സത്യം നിഷേധിക്കാനാവുമോ ?
തൊട്ടതിനും പിടിച്ചതിനുമെല്ലാം സമരവും ബന്ദും ഹർത്താലും പതിവ് കാഴ്ചകളായ കേരളത്തിലെ തെരുവോര പ്രസംഗവേദികളിൽ തൊണ്ടകീറി പ്രസംഗിക്കുന്ന രാക്ഷ്ട്രീയനേതാക്കൾക്ക് വിഷംപുരണ്ട ഭക്ഷണം ഒരുവിഷയമല്ലാതായോ ?
ഹോട്ടലുകളിൽ ചത്തകോഴികളെ കറിവെച്ച് വിൽക്കുന്നു .ഇതര സംസ്ഥാനങ്ങളിൽ നിന്നും വിൽപ്പനക്കെത്തുന്ന മീനിൽ ഫോർമാലിൻ എന്ന വിഷലായനി തളിച്ചിരിക്കുന്നതായി പരക്കെ ആക്ഷേപം . വിഷംതീണ്ടിയ പച്ചക്കറികൾ ലോഡുകണക്കിന് അതിർത്തികടന്നെത്തുന്നു .
മായംചേർത്ത് മലിനമാക്കപ്പെട്ട ഭക്ഷണപദാർത്ഥങ്ങൾ തിന്നുതിന്ന് ജനങ്ങൾ നിത്യരോഗികളാവുന്നത് കെട്ടുകഥയാണെന്ന് പറയാനാവുമോ ?
രാക്ഷ്ട്രീയ നേതാക്കൾ കക്ഷി മറന്നുകൊണ്ട് ഒറ്റക്കെട്ടായി നേരിടേണ്ട വിഷയമല്ലേയിത് ?
” നാടിന്റെ അവകാശം നല്ലഭക്ഷണം ” പ്രചാരണമല്ല .പ്രായോഗികതയിലൂന്നിയ പ്രവർത്തനശേഷിയും കൃത്യതാ ബോധവുമുള്ള അധികൃതരുടെ അഥവാ ഉദ്യോഗസ്ഥൻമാരുടെ കൂട്ടായ്‌മയാണ് സമൂഹത്തിനാവശ്യം . സിൽവർ ലൈനല്ല. ജനങ്ങൾക്കാദ്യമായി വേണ്ടത് ശുദ്ധമായ മായം കലരാത്ത ഭക്ഷണമാണ് .മറ്റെന്തും രണ്ടാം ഘട്ടം .