നായകനായി ഷാജി കൈലാസ് ചിത്രത്തിലൂടെ തുടക്കം, അമ്മച്ചീ എന്നു വിളിച്ച് മലയാളിയെ ഞെട്ടിച്ച ജോൺ ഹോനായി എന്ന സുന്ദരവില്ലൻ
ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോ. പശുപതി എന്ന ചിത്രത്തിലൂടെ നായകനായിട്ടായിരുന്നു റിസബാവയുടെ ആദ്യസിനിമ പുറത്തിറങ്ങുന്നത്. അതിന് മുൻപ് 1984 ൽ വിഷുപ്പക്ഷി എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. പശുപതിക്ക് പിന്നാലെ പുറത്തിറങ്ങിയ ഇൻഹരിഹർ നഗറിലെ ജോൺ ഹോനായി എന്ന വില്ലൻ വേഷത്തിലൂടെയാണ് റിസബാവയുടെ ഭാഗ്യം തെളിഞ്ഞത്.
അമ്മച്ചീ എന്ന് വിളിയുമായി പെട്ടി തേടിയെത്തുന്ന ജോൺ ഹോനായി എന്ന വില്ലൻ മലയാളിയുടെ മനസിലേക്ക് ഇടിച്ചകയറി. സ്യൂട്ടും കോട്ടും ടൈയും അണിഞ്ഞ് കണ്ണടയും വച്ച് നിറഞ്ഞ ചിരിയുമായി നിൽക്കുന്ന ചെമ്ബൻമുടിക്കാരൻ. ജോൺ ഹോനായ് എന്ന സുന്ദരനായ വില്ലൻ ഇന്നും മലയാളി മറക്കില്ല. മലയാളസിനിമയിലെ എന്നും ഓർക്കുന്ന വില്ലൻ കഥാപാത്രങ്ങളുടെ കൂട്ടത്തിൽ ഇപ്പോഴുമുണ്ട് ജോൺ ഹോനായ്.
പിന്നീട് വില്ലനായും സഹതാരമായുമെല്ലാം നിരവധി ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്.1966 സെപ്തംബർ 24 ന് കൊച്ചിയിലെ തോപ്പുംപടിയിലാണ് റിസബാവ ജനിക്കുന്നത്. നാടക വേദികളിൽ സജീവമായിരുന്നു അദ്ദേഹം സിനിമയിൽ നിറഞ്ഞു നിന്ന അദ്ദേഹം ആനവാൽ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോർജ്ജുകുട്ടി ര/ീജോർജ്ജുകുട്ടി, ചമ്ബക്കുളം തച്ചൻ, ഏഴരപ്പൊന്നാന, എന്റെ പൊന്നു തമ്ബുരാൻ, മാന്ത്രികചെപ്പ്, ഫസ്റ്റ് ബെൽ, ബന്ധുക്കൾ ശത്രുക്കൾ, കാബൂളിവാല, ആയിരപ്പറ, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, മംഗലംവീട്ടിൽ മാനസേശ്വരിസുപ്ത, അനിയൻബാവ ചേട്ടൻബാവ, നിറം, പോക്കിരിരാജ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
നിരവധി സീരിയലുകളിലും റിസബാവ അഭിനയിച്ചു, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിൽ കർമയോഗി എന്ന ചിത്രത്തിലൂടെ 2010ലെ ഏറ്റവും മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള കേരള ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. മമ്മൂട്ടി നായകനായി എത്തിയ വൺ ആയിരുന്നു അവസാനമായി പുറത്തിറങ്ങിയ ചിത്രം