Latest News From Kannur

ലോക്ക്ഡൗൺ ലംഘിച്ച് പൊതുയോഗം; പുതുതായി പാർട്ടിയിൽ ചേർന്ന കുടുംബങ്ങളം സ്വീകരിക്കാൻ യോഗം നടത്തിയത് സിപിഎം സംസ്ഥാന നേതാക്കൾ

0

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ ഞായറാഴ്ച ലോക്ഡൗൺ ലംഘിച്ച് സിപിഎമ്മിന്റെ പൊതുയോഗം. പുതുതായി പാർട്ടിയിൽ ചേർന്ന 49 കുടുംബങ്ങളെ വരവേൽക്കുന്ന സിപിഎം പരിപാടിയാണ് വലിയ ആൾക്കൂട്ടമായി മാറിയത്. സംസ്ഥാന നേതാക്കളടക്കം നൂറിലേറെ പേരെ പങ്കെടുപ്പിച്ചാണ് പൊതുയോഗം നടത്തിയത്.

അവശ്യസർവ്വീസ് ഒഴികെ ബാക്കിയെല്ലാം നിരോധിച്ചും നിയന്ത്രിച്ചും ഞായറാഴ്ച ദിവസം സംസ്ഥാന വ്യാപകമായി ലോക്ക്ഡൗൺ നടപ്പാക്കുമ്പോളാണ് എല്ലാ നിയന്ത്രണങ്ങളും നിർദേശങ്ങളും ലംഘിച്ച് കൊണ്ട് തിരുവല്ലയിൽ സിപിഎമ്മിന്റെ പരിപാടി നടന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, സംസ്ഥാന കമ്മറ്റി അംഗം കെ അനന്തഗോപൻ, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കമുള്ള നേതാക്കളും സിപിഎം സർക്കാർ നടപ്പാക്കുന്ന ലോക്ക്ഡൗൺ ലംഘിച്ചുള്ള പരിപാടിക്ക് എത്തിയിരുന്നു.

കഴിഞ്ഞ കുറേദിവസമായി മിഷൻ സിപിഎം എന്ന പേരിൽ വിവിധ രാഷ്ട്രീയകക്ഷികളിൽ നിന്നുള്ളവരെ സിപിഎമ്മിലേക്ക് ചേർക്കുന്ന പ്രത്യേക പരിപാടി നടന്നുവരികയാണ്. അതേസമയം പരിപാടിക്ക് ധാരാളം പേർ എത്തിയിരുന്നുവെങ്കിലും ആൾക്കൂട്ടമുണ്ടായിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു.

പരിപാടിക്ക് വന്നവർ മാലയിട്ട് മാറി നിൽക്കുകയായിരുന്നുവെന്നും ഉദയഭാനു വിശദീകരിക്കുന്നു. എന്നാൽ എന്തുകൊണ്ട് ലോക്ക്ഡൗൺ ദിനത്തിൽ ഇങ്ങനെയൊരു പരിപാടി നടത്തിയെന്നറിയില്ല. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെതിരെ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.

Leave A Reply

Your email address will not be published.