Latest News From Kannur

സ്വര്‍ണവില കൂടുന്നു മോഷണത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ്

0

സംസ്ഥാനത്ത് സ്വര്‍ണവില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മോഷണത്തിനുള്ള സാധ്യതയും കൂടി വരുന്നതായി കേരള പോലീസ് വ്യക്തമാക്കി.

മോഷണ സാധ്യത മുന്നില്‍ കണ്ട് ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. അയല്‍പക്കക്കാരുമായി നല്ല ബന്ധം പുലര്‍ത്തി ഫോണ്‍ നമ്പറുകള്‍ കൈമാറണം. അസ്വാഭാവികമായി ആരെയെങ്കിലും കണ്ടാല്‍ ഉടന്‍ വിവരം അറിയിക്കണമെന്നും കേരള പൊലീസിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

രാത്രിയില്‍ വീടിനു ചുറ്റും ലൈറ്റ് ഉറപ്പാക്കണം. അസാധാരണ ശബ്ദം കേട്ടാല്‍ കതക് തുറക്കാതെ അയല്‍ക്കാരെ വിവരം അറിയിക്കണം. സംശയകരമായ തരത്തില്‍ അപരിചിതരെ കണ്ടാല്‍ അവരുടെ ഫോട്ടോയെടുത്ത് പൊലീസിന്റെ 112 നമ്പറില്‍ വിളിച്ചറിയിക്കണം. പഴയ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെ സംശയം തോന്നിയാല്‍ പൊലീസിനെ അറിയിക്കണം. രാത്രി 11 മുതല്‍ പുലര്‍ച്ചെ നാലുമണി വരെ പ്രത്യേകം ശ്രദ്ധിക്കണം. സംഘം ചേര്‍ന്നുള്ള നിരീക്ഷണത്തിന് ശ്രമിക്കണം. കഴിയുന്നത്ര നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം. മൊബൈലുമായി ബന്ധിപ്പിക്കുന്ന അലാം ഘടിപ്പിക്കുക. വീട് പൂട്ടി പുറത്തുപോകുന്നവര്‍ അയല്‍ക്കാരെയും പൊലീസിനെയും അറിയിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

വില പിടിപ്പുള്ള സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാതിരിക്കുക, വിനോദയാത്ര പോകുന്നവര്‍ പൊലീസ് സ്റ്റേഷനിലെ ആപ്പില്‍ വിവരം രേഖപ്പെടുത്തുക, അവരുടെ ലൊക്കേഷനും മറ്റു വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താതിരിക്കുക, ബൈക്കുകളില്‍ ചീറിപ്പായുന്നവരുടെ നമ്പര്‍ പ്ലേറ്റിന്റെ പടം എടുത്ത് പൊലീസിന് കൈമാറുക, മൊബൈല്‍ ഫോണുകള്‍ അലക്ഷ്യമായി ഇടാതിരിക്കുക, സ്വര്‍ണം, പണം എന്നിവ ആരാധനാലയങ്ങളില്‍ സൂക്ഷിക്കാതിരിക്കുക, അമ്പലകമ്മിറ്റികളും പള്ളിക്കമ്മിറ്റികളും നിര്‍ബന്ധമായി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പൊലീസ് നല്‍കുന്നത്.

Leave A Reply

Your email address will not be published.