ചൊക്ലി:
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏർപ്പെടുത്തിയ മെഡിസെപ്പ് രണ്ടാംഘട്ട പദ്ധതിയിൽ ക്യാഷ് ലെസ്സ് ചികിത്സ എന്ന തത്വത്തിൽ നിന്ന് വ്യതിചലിക്കാൻ എം പാനൽചെയ്യപ്പെട്ട ആശുപത്രികളെ അനുവദിക്കരുതെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തലശ്ശേരി ബ്ലോക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.ടി. കത്രിക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു. എ. മോഹനൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. സംഘാടകസമിതി ചെയർമാനും ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ എൻ. അനൂപ് സ്വാഗതം ആശംസിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് പ്രൊഫസർ വി. രവീന്ദ്രൻ, പി. വിജയൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡണ്ട് കെ. എം. ചന്ദ്രൻ അനുശോചന പ്രമേയവും ബ്ലോക്ക് സെക്രട്ടറി എൻ. കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. സുരേന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ.എസ്.എസ്.പി.യു അംഗം കെ. കെ. കുഞ്ഞൻ മാസ്റ്റർ എഴുതിയ സെൽഫി, ഇര എന്നീ ചെറുകഥാ സമാഹാരങ്ങൾ എം. ഹരീന്ദ്രൻ, എൻ. അനൂപ് എന്നിവർ സമ്മേളനത്തിൽ വെച്ച് പ്രകാശനം ചെയ്തു. പുസ്തകത്തെ അവലോകനം ചെയ്തുകൊണ്ട് ബാലകൃഷ്ണൻ മൊകേരി സിന്ധു എൻ. ആർ. എന്നിവർ സംസാരിച്ചു. എ. മോഹനൻ മാസ്റ്റർ, വി. കെ. രത്നാകരൻ, സി. വി. കാന്തിമതി എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. 2026-27 വർഷത്തെ ഭാരവാഹികളായി കെ. ടി. രതീശൻ മാസ്റ്റർ (പ്രസിഡണ്ട്) പി. വി. രാഘവൻ, കെ. പി.രവീന്ദ്രനാഥൻ, എ.എൽ.കുമാരി (വൈസ് പ്രസിഡണ്ടുമാർ) എൻ. കൃഷ്ണൻ (സെക്രട്ടറി) കെ. എം. ചന്ദ്രൻ, ടി. കെ. ഷെറിന, സി. വി. കാന്തി മതി (ജോ. സെക്രട്ടറിമാർ) കെ. സുരേന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ടി.കെ. ഷറിന ടീച്ചർ നന്ദി പറഞ്ഞു. നിടുമ്പ്രം യൂണിറ്റിൻ്റെ തിരുവാതിരക്കളിയും ഉണ്ടായിരുന്നു.