തിരുവനന്തപുരം: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ മരണത്തില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്. ആദായനികുതി റെയ്ഡിനിടെ തോക്കെടുത്ത് സ്വയം വെടിവയ്ക്കാന്‍ ഇടയായത് ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചയാണെന്ന് നിര്‍മലാ സീതാരാമന് അയച്ച കത്തില്‍ പിണറായി വിജയന്‍ പറഞ്ഞു. ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ധനമന്ത്രി നിര്‍മല സീതരാമന് കത്തയച്ചത്. കുടുംബത്തിന്റെ ആരോപണങ്ങളും മുഖ്യമന്ത്രി കത്തില്‍ പരാമര്‍ശിക്കുന്നു. കുടംബത്തിന്റെ പരാതി സഹാനുഭൂതിയോടെ കാണണമെന്നും ജനാധിപത്യസമൂഹത്തിന് ന്യായീകരിക്കാനാകാത്ത മരണമാണെന്നും മുഖ്യമന്ത്രി പറയുന്നു.
റെയ്ഡില്‍ പാലിക്കേണ്ട മര്യാദകള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന കുടുംബത്തിന്റെ ആരോപണം ഗൗരവത്തോടെ കാണണം. ഗൗരവമായ ചിലകാര്യങ്ങള്‍ സി.ജെ. റോയിയുടെ കുടുംബം പൊതുസമൂഹത്തിന് മുന്നില്‍ വച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണം. ചോദ്യം ചെയ്യുന്നതിനിടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സി.ജെ. റോയിയെ മുകളിലേക്ക് പോകാന്‍ അനുവദിച്ചത് ഏത് സാഹചര്യത്തിലാണെന്നതുള്‍പ്പടെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കണമെന്നും ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ റെയ്ഡ് നടത്തുന്നതിനായി ചട്ടങ്ങള്‍ ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗളൂരുവില്‍ ആത്മഹത്യ ചെയ്ത കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ മരണത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. റോയി എഴുതി എന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്, ഇത് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് നിര്‍ണായക സൂചനകള്‍ നല്‍കുന്നു. 9 പേജുകളുള്ള അത്മഹത്യാക്കുറിപ്പാണ് കുടുംബാഗംങ്ങള്‍ക്ക് കിട്ടിയത്. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാന്‍ തീരുമാനിച്ച ശേഷമാണെന്നും ആദായനികുതി വകുപ്പിന്റെ നിരന്തര ഇടപെടല്‍ സമ്മര്‍ദത്തിലാക്കിയെന്നുമാണ് വിവരം.
മരണത്തിന് പിന്നിലെ നിഗൂഢതകള്‍ ഒഴിവാക്കാന്‍ ഈ കുറിപ്പ് സഹായകമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. പ്രത്യേക അന്വേഷണ സംഘം ഈ കുറിപ്പ് വിശദമായി പരിശോധിച്ചുവരികയാണെന്നും ഇത് അന്വേഷണത്തിലെ പ്രധാന തെളിവാണെന്നും പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടാണ് സി.ജെ. റോയിയുടെ കുറിപ്പ് ആരംഭിക്കുന്നത്. താന്‍ ഒരു ‘അറ്റകൈ പ്രയോഗത്തിന്’ മുതിരുകയാണെന്നും അതിന് എല്ലാവരും ക്ഷമിക്കണമെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. കടുത്ത മാനസിക വിഷമം പ്രകടമാക്കുന്നതോടൊപ്പം തന്നെ, തന്റെ വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ നിര്‍ദ്ദേശങ്ങളും കുറിപ്പിലുണ്ട്.
വിവിധ വ്യക്തികള്‍ക്ക് നല്‍കാനുള്ള പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കൃത്യമായ സാമ്പത്തിക കാര്യങ്ങള്‍ റോയി കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ മരണശേഷം ബിസിനസ് ആര് നിയന്ത്രിക്കണമെന്നും, തന്റെ പിന്‍ഗാമികള്‍ ആരായിരിക്കണമെന്നും കുറിപ്പിലുണ്ട്. കോണ്‍ഫിഡന്റ് ഗ്രൂപ്പുമായി ദീര്‍ഘകാലമായി സഹകരിക്കുന്നവരെ മാറ്റിനിര്‍ത്തരുതെന്ന് അദ്ദേഹം പറയുന്നു. അവര്‍ തന്റെ വിശ്വസ്തരായ സഹപ്രവര്‍ത്തകരാണെന്നും, ഇവര്‍ തുടര്‍ന്നും സ്ഥാപനത്തിന്റെ ഭാഗമായി തുടരണമെന്നും കുറിപ്പിലുണ്ട്.
പ്രത്യേക അന്വേഷണ സംഘം നിലവില്‍ കുറിപ്പിലെ വിവരങ്ങള്‍ പരിശോധിച്ചു. ഇതിന്റെ ഭാഗമായി റോയിയുടെ ഭാര്യയുടെയും മക്കളുടെയും മൊഴി രേഖപ്പെടുത്തും. കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന സാമ്പത്തികവും ബിസിനസ് സംബന്ധവുമായ കാര്യങ്ങള്‍ ഒത്തുനോക്കാന്‍ ഇവരുടെ മൊഴികള്‍ സഹായിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.