Latest News From Kannur

*ബി.ജെ.പി രാഷ്ട്രീയ കോമാളിത്തരമാണ് നടത്തുന്നതെന്ന് കോൺഗ്രസ്; മാഹിയിൽ വാർത്താസമ്മേളനം*

0

‘മാഹി:

ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും പവിത്രമായ സമ്മതിദാനവകാശം നേടി തെരഞ്ഞെടുക്കപ്പെടുന്ന എംഎൽഎ, നിയമസഭയിലൂടെയും മറ്റ് ഭരണതലങ്ങളിലൂടെയും മണ്ഡലത്തിനായി നേടിയെടുത്ത വികസന പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം കോൺഗ്രസിനുണ്ടെന്ന് നേതാക്കൾ പറഞ്ഞു. മാഹിയിൽ ബി.ജെ.പി പ്രത്യക്ഷ രാഷ്ട്രീയ കോമാളിത്തരങ്ങളാണ് നടത്തുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

മാഹി മണ്ഡലത്തിലെ എംഎൽഎ തന്റെ ഉത്തരവാദിത്വങ്ങൾ സുതാര്യമായും ജനപിന്തുണയോടെയും നിറവേറ്റി വരികയാണെന്നും, യഥാസമയം അതെല്ലാം ജനസമക്ഷം വിശദീകരിക്കുക എന്നത് ഏതൊരു എംഎൽഎയുടെയും ബാധ്യതയാണെന്നും നേതാക്കൾ വ്യക്തമാക്കി. പുതുച്ചേരി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് മാഹിക്ക് എല്ലായ്പ്പോഴും അനുകൂല പരിഗണന ലഭിച്ചിട്ടുണ്ടെന്നും, പ്രതിപക്ഷ ബഹുമാനം ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെ മാഹിയുടെ വികസനത്തിന് ആവശ്യമായ സർക്കാർ പദ്ധതികൾ നേടിയെടുക്കാൻ എംഎൽഎ മുന്നിൽ നിന്നിട്ടുണ്ടെന്നും അവർ പറഞ്ഞു.

മയ്യഴി മേഖലക്ക് ലഭിക്കുന്ന വികസന പദ്ധതികൾ കോർഡിനേറ്റ് ചെയ്യുക എന്നത് എംഎൽഎയുടെ ധാർമിക ഉത്തരവാദിത്വമാണെന്നും, നിലവാരമില്ലാത്ത രാഷ്ട്രീയ അന്ധതയോടെ കാര്യങ്ങളെ സമീപിക്കുന്ന രീതി മണ്ഡലത്തിന് ഗുണം ചെയ്യില്ലെന്ന വസ്തുത ബി.ജെ.പി മനസ്സിലാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ഒരു നിവേദനം നൽകിയതുകൊണ്ട് മാത്രം പദ്ധതികൾ ലഭ്യമാകില്ലെന്ന സാമാന്യബോധം പോലും മറന്ന് ബി.ജെ.പി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, ഓരോ പദ്ധതിയും കൊണ്ടുവരാൻ വലിയ ഔദ്യോഗിക കടമ്പകളും പ്രയാസങ്ങളും ഉണ്ടെന്ന യാഥാർത്ഥ്യം അംഗീകരിക്കണമെന്നും നേതാക്കൾ പറഞ്ഞു.

പുതുച്ചേരി സർക്കാരിന്റെ നികുതി വരുമാനത്തിൽ വലിയ പങ്കുവഹിക്കുന്ന പ്രദേശമാണ് മാഹിയെന്നും, അതിനാൽ മാഹിക്ക് അർഹമായ വികസന ഫണ്ടുകൾ നേടിയെടുക്കാൻ ഏത് മുന്നണി സർക്കാർ ആയാലും തെരഞ്ഞെടുക്കപ്പെട്ട എംഎൽഎ മുന്നിൽ ഉണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി. ഈ ഉത്തരവാദിത്വമാണ് ജനപ്രതിനിധി എന്ന നിലയിൽ രമേഷ് പറമ്പത്ത് നിർവഹിച്ചുവരുന്നതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.

നബാർഡ്, എൻ.ടി.ടൈഡ് ഫണ്ട് എന്നിവ ഉൾപ്പെടെ നിയമസഭയിലൂടെ പ്രവർത്തനം ആരംഭിച്ച പദ്ധതികളിൽ ഉൾപ്പെടുന്നതാണ് മൂലക്കടവിലെ മൊട്ടമ്മൽ റോഡെന്നും, 12 കോടി രൂപയുടെ എസ്റ്റിമേറ്റിൽ ടെൻഡർ നടപടികൾ പൂർത്തിയായ ഈ റോഡിന്റെ പ്രവർത്തനം മോശമാണെന്ന പേരിൽ കരാറുകാരനെ തടസ്സപ്പെടുത്തി ബി.ജെ.പി പ്രവർത്തനം നിശ്ചലമാക്കിയതായും കോൺഗ്രസ് ആരോപിച്ചു. ഇത്തരം വിഷയങ്ങൾ സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പരിഹരിക്കേണ്ടതാണെന്നും, റോഡ് പ്രവർത്തനം തടസ്സപ്പെടുത്തുന്നത് ശരിയായ സമീപനമല്ലെന്നും നേതാക്കൾ പറഞ്ഞു. ഇതിന് പകരം എംഎൽഎയെ പഴിചാരി രക്ഷപ്പെടാൻ ബി.ജെ.പി ശ്രമിക്കുന്നത് അപഹാസ്യമാണെന്നും അവർ വിമർശിച്ചു.

മയ്യഴി മേഖലയ്ക്ക് ആവശ്യമായ വികസന പ്രവർത്തനങ്ങളും അതിനുള്ള ഫണ്ടും നിയമസഭയിൽ ഉന്നയിക്കുക എന്നത് എംഎൽഎയുടെ ഉത്തരവാദിത്വമാണെന്നും, അതിൽ അസൂയപ്പെടേണ്ട കാര്യമില്ലെന്നും വാർത്താസമ്മേളനത്തിൽ നേതാക്കൾ വ്യക്തമാക്കി.

വാർത്താസമ്മേളനത്തിൽ കോൺഗ്രസ് പ്രസിഡന്റ് കെ. മോഹനൻ, പി.പി. വിനോദ്, കെ. ഹരിന്ദ്രൻ, ശ്രീജേഷ് എം.കെ., രജിലേഷ് കെ.പി., കെ. സുരേഷ്, ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.