Latest News From Kannur

കിഫ്ബി മസാല ബോണ്ടില്‍ ഫെമ ചട്ടലംഘനമെന്ന് കണ്ടെത്തല്‍; മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്

0

തിരുവനന്തപുരം : കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ ഇഡി നടപടി. അന്വേഷണത്തില്‍ ഫെമ ചട്ടലംഘനം കണ്ടത്തിയതോടെ മുഖ്യമന്ത്രിക്ക് ഇഡി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മുന്‍ ധനമന്ത്രി തോമസ് ഐസ്‌ക്, കിഫ്ബി സിഇഒ കെഎം എബ്രഹാം എന്നിവര്‍ക്കുമാണ് നോട്ടീസ്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിലൊടുവിലാണ് ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുന്‍പാകെ നോട്ടീസ് സമര്‍പ്പിച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നല്‍കിയത്.

2019ല്‍ 9.72 ശതമാനം പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ട് ഇറക്കി 2150 കോടിയാണ് കിഫ്ബി വഴി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗത്തിലാണ് മസാല ബോണ്ട് ഇറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം തോമസ് ഐസകിന് രണ്ടുതവണ ഇഡി സമന്‍സ് അയച്ചിരുന്നു.

കിഫ്ബി ഹാജരാക്കിയ രേഖകള്‍ അടക്കം പരിശോധിച്ചാണ് ചട്ടലംഘനം നടന്നുവെന്ന ഇഡിയുടെ കണ്ടെത്തല്‍. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചവര്‍ക്ക് പ്രതിനിധി വഴിയോ അഭിഭാഷകര്‍ വഴിയോ നോട്ടീസ് നല്‍കാം.ഇരുപക്ഷവും കേട്ടശേഷമായിരിക്കും അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ അന്തിമതീരുമാനം.

Summary
Leave A Reply

Your email address will not be published.