കേരളത്തില്‍ നിന്നുള്ള അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ ഇന്നു മുതല്‍ സർവീസ് നിർത്തിവെക്കും. വൈകിട്ട് ആറ് മുതല്‍ സർവീസ് ഉണ്ടാകില്ലെന്ന് ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷൻ അറിയിച്ചു.സ്ലീപ്പർ, സെമി സ്ലീപ്പർ ലക്ഷ്വറി ബസുകളാണ് സർവീസ് നിർത്തിവെക്കുന്നത്. അഖിലേന്ത്യ പെർമിറ്റുണ്ടായിട്ടും തമിഴ്‌നാട്ടിലും കർണാടകയിലും അന്യായ നികുതി ചുമത്തുന്നു എന്ന് ആരോപിച്ചാണ് ഉടമകള്‍ സമരത്തിലേക്ക് കടക്കുന്നത്.
കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും സര്‍വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകളാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്. ബെംഗളൂരു, ചെന്നൈ യാത്രക്കാർക്ക് കനത്ത തിരിച്ചടിയാകുന്നതാണ് ബസ് സമരം. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി കേരള ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറും ഗതാഗത കമ്മീഷണറും ഇടപെടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.
പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ബസുകള്‍ പിടിച്ചെടുത്ത് കേരളം വന്‍തുക പിഴ ചുമത്തിയെന്നു ചൂണ്ടിക്കാണിച്ച് തമിഴ്‌നാട് ഓംനി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കേരളത്തിലേക്കുള്ള ബസുകള്‍ ശനിയാഴ്ച രാത്രി മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനിടയിലാണ് കേരളത്തില്‍ നിന്നുള്ള ബസുകളും സമരത്തിലേക്ക് കടക്കുന്നത്.
പെര്‍മിറ്റ് ലംഘനം നടത്തുന്ന ബസുകള്‍ക്കെതിരേ നടപടി തുടരുമെന്നും കനത്ത പിഴ ഈടാക്കുമെന്നുമാണ് കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ബസുകള്‍ക്ക് ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഉണ്ടെങ്കില്‍പ്പോലും സര്‍വീസ് നടത്തുന്ന സംസ്ഥാനങ്ങളില്‍ അതത് റോഡ് നികുതി അടയ്ക്കണമെന്നാണ് നിയമം. സീറ്റിൻ്റെ എണ്ണമനുസരിച്ച് ഒരു ബസ് ഒരു ലക്ഷം രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ നികുതി അടയ്ക്കണം. എന്നാല്‍, നികുതി നല്‍കാതെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ബസുകള്‍ മിക്കതും കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയത്. ഇതേത്തുടർന്നാണ് നടപടി.
തമിഴ്‌നാട്ടില്‍നിന്നുള്ള 30 ഓളം ഓംനി ബസുകള്‍ വിവിധ ജില്ലകളില്‍വെച്ച് പിടിച്ചെടുത്ത് കേരള ഗതാഗത വകുപ്പ് അധികൃതര്‍ 70 ലക്ഷം രൂപയിലേറെ പിഴ ചുമത്തിയതായാണ് തമിഴ്‌നാട് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് 150 ഓളം ബസുകള്‍ വെള്ളിയാഴ്ച രാത്രി മുതല്‍ ഓട്ടം നിര്‍ത്തിയത്.