കണ്ണൂർ : നഗര ഹൃദയമായ കാൽടെക്സ് ജങ്ഷനിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച ഉദ്ഘാടനം ചെയ്ത എസി ഹൈടെക് ബസ് സ്റ്റോപ്പിൻ്റെ മുൻവശത്തെ ഗ്ലാസ് തകർന്ന നിലയിൽ. ഇന്ന് രാവിലെയാണ് ഈ കാര്യം ശ്രദ്ധയിൽപ്പെടുന്നത്. മുൻവശത്തെ ഗ്ലാസാണ് തകർന്നത്. ഇതോടെ പൂർണമായി ശീതികരിച്ച ബസ് ഷെൽട്ടറിൻ്റെ പ്രവർത്തനം അവതാളത്തിലായി. ആരെങ്കിലും കല്ലെടുത്ത് എറിഞ്ഞു തകർത്തതാണോയെന്ന സംശയം പൊലീസിനുണ്ട്. കണ്ണൂർ ടൗൺ പൊലീസ് സിസിടിവി കാമറ കേന്ദ്രീകരിച്ചു അന്വേഷണം തുടരുന്നു.
40 ലക്ഷം രൂപ ചെലവിൽ കൂൾ വെൽ എന്ന സ്വകാര്യ കമ്പനിയാണ് കണ്ണൂർ കോർപറേഷൻ വിട്ടു കൊടുത്ത സ്ഥലത്ത് സോളാറിൽ പ്രവർത്തിക്കുന്ന എസി ബസ് ഷെൽട്ടർ സ്ഥാപിച്ചത്. സോളാറിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ ഹൈബ്രിഡ് ബസ് ഷെൽട്ടറാണിത്. ഷെൽട്ടറിനുള്ളിലെ കാമറകൾ പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പുറത്ത് വന്നപ്പോഴാണ് പുറം ലോകമറിയുന്നത്.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർക്ക് ഏറെ ഉപയോഗപ്രദമായ ബസ് കാത്തിരിപ്പു കേന്ദ്രമായിരുന്നു കാൽടെക്സിൽ കോർപറേഷൻ്റെ നിർദ്ദേശപ്രകാരം സ്വകാര്യ കമ്പനി സ്ഥാപിച്ചത്. കണ്ണൂർ നഗരം സൗന്ദര്യവത്കരിക്കുന്നതിൻ്റെ ഭാഗമായാണ് രണ്ടിടങ്ങളിൽ എയർ കണ്ടിഷനുള്ള ഹൈടെക് ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഏറെ തിരക്കുള്ള കാൽടെക്സ് ജങ്ഷനിലും സ്റ്റേഡിയം കോർണറിലുമാണ് ഇതിനായി സ്ഥലം കണ്ടെത്തിയത്. ശീതികരിച്ച ബസ് ഷെൽട്ടറിൻ്റെ സുരക്ഷ പൂർണമായും പൊലീസിനാണ് നൽകിയിരുന്നത്.
എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ ബസ് കാത്തിരുപ്പ് കേന്ദ്രത്തിനെതിരെ അജ്ഞാതർ അതിക്രമവും നടത്തി. ഇതു തടയാനായി കണ്ണൂർ ടൗൺ പൊലിസീനു കഴിയാത്തത് ഗുരുതര വീഴ്ച്ചയാണെന്നു നാട്ടുകാർ പറയുന്നു.