കോട്ടയം: ഇടതുമുന്നണി വിടുമെന്ന വാര്‍ത്തകള്‍ തള്ളി കേരള കോണ്‍ഗ്രസ് ( എം ) ചെയര്‍മാന്‍ ജോസ് കെ മാണി. ചര്‍ച്ച നടത്തുന്നത് ആരാണ്?. കേരള കോണ്‍ഗ്രസ് എമ്മിന് ഉറച്ച നിലപാടാണുള്ളത്. അതില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ടതില്ല. ഞങ്ങളെയോര്‍ത്ത് കരയേണ്ടതില്ലെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.
കേരള കോണ്‍ഗ്രസിന് പലയിടങ്ങളില്‍ നിന്നും ക്ഷണം വരുന്നുണ്ട്. പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുണ്ട് എന്നതിന് തെളിവാണ് ആ ക്ഷണം വ്യക്തമാക്കുന്നത്. കേരള കോണ്‍ഗ്രസ് ( എം) എവിടെയുണ്ടോ അവിടെ ഭരണവുമുണ്ടാകുമെന്ന് വ്യക്തമായെന്ന് ജോസ് കെ മാണി പറഞ്ഞു. എല്‍ഡിഎഫ് യോഗത്തില്‍ നിന്നും വിട്ടു നിന്നു എന്ന വാര്‍ത്തകള്‍ ശരിയല്ല. പാര്‍ട്ടി നേതാവ് എല്‍ഡിഎഫ് യോഗത്തില്‍ സംബന്ധിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് താന്‍ വിദേശത്തായതുകൊണ്ടാണ്. തന്റെ പിതാവിന്റെ ഏറ്റവും അടുത്ത സുഹൃത്ത് അത്യാസന്ന നിലയില്‍ കഴിയുകയാണ്. അദ്ദേഹത്തെ കാണാന്‍ പോയതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ഉത്തരവാദപ്പെട്ട നേതാക്കളെ ഇക്കാര്യം അറിയിച്ചിരുന്നതാണ്. കേരള കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.