മകരവിളക്ക് ഇന്ന്: പത്തനംതിട്ടയിൽ പൂർണ അവധി;ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലും എരുമേലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു
പത്തനംതിട്ട | ഇടുക്കി | കോട്ടയം:
ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് പത്തനംതിട്ട ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. ശബരിമല തീർഥാടകരുടെയും പൊതുജനങ്ങളുടെയും സൗകര്യം, വിദ്യാർഥികളുടെ സുരക്ഷ എന്നിവ പരിഗണിച്ചാണ് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മകരവിളക്കുമായി ബന്ധപ്പെട്ട് ചുമതലയുള്ള ഉദ്യോഗസ്ഥർക്കും ഈ അവധി ബാധകമല്ല.
അതേസമയം, ഇടുക്കി ജില്ലയിൽ ശബരിമല മകരവിളക്ക് ദർശനവുമായി ബന്ധപ്പെട്ട ഗതാഗത തിരക്ക് കണക്കിലെടുത്ത് കുമളി, വണ്ടിപ്പെരിയാർ, പീരുമേട് പെരുവന്താനം, കൊക്കയാർ എന്നീ അഞ്ച് പഞ്ചായത്തുകളിലെ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. സ്വാമിമാരുടെ വാഹന തിരക്ക് മൂലം വിദ്യാർഥികൾക്ക് സ്കൂളുകളിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടാകുന്നതും അപകട സാധ്യതയും പരിഗണിച്ചാണ് നടപടി.
എന്നാൽ മുഴുവൻ വിദ്യാർഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടാകില്ല. അവധി മൂലം നഷ്ടമാകുന്ന പഠനസമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ ക്രമീകരിക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.
ഇതോടൊപ്പം, മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച ഗതാഗത തിരക്ക് പരിഗണിച്ച് കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.