മലപ്പുറം : പുതുതായി നിര്‍മിച്ച ദേശീയപാത 66ന്റെ ഇരുഭാഗങ്ങളിലുമുള്ള സര്‍വീസ് റോഡുകള്‍ ടൂവേ പാതകളാണെന്ന് ദേശീയപാതാ അധികൃതര്‍ അറിയിച്ചു. വിവരാവകാശ അപേക്ഷയുടെ മറുപടിയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയപാതയുടെ ഇരുഭാഗങ്ങളിലുമുള്ള സര്‍വീസ് റോഡുകള്‍ വണ്‍വേ ആണെന്ന ധാരണയാണ് എല്ലാവര്‍ക്കും. ഇതിനെച്ചൊല്ലി ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കങ്ങളും പതിവാണ് . എന്നാല്‍ സര്‍വീസ് റോഡുകള്‍ ടൂവേ പാതകളാണെന്ന് ദേശീയപാതാ അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്.ദേശീയപാതാ നിര്‍മാണത്തിന് മുന്‍പ് പ്രാദേശികയാത്രകള്‍ക്ക് ഉപയോഗിച്ചിരുന്ന റോഡിന് പലയിടത്തും എട്ടും ഒന്‍പതും മീറ്റര്‍ വീതിയുണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴുള്ള സര്‍വീസ് റോഡുകള്‍ക്ക് ആറരമീറ്റര്‍ മാത്രമാണ് വീതി. ചിലയിടങ്ങളില്‍ അതുപോലുമില്ലാത്ത അവസ്ഥയാണ്. ദേശീയപാത 66ല്‍ ചെറിയദൂരംമാത്രം ഓടുന്ന മിനിലോറികളും ബസുകളും മറ്റു വാഹനങ്ങളും മാത്രമാണ് ഇപ്പോള്‍ സര്‍വീസ്‌റോഡ് ഉപയോഗിക്കുന്നത്. വലിയൊരു വിഭാഗം ഓട്ടോറിക്ഷകളും ബൈക്കുകളും ദേശീയപാതയിലൂടെയാണ് പോകുന്നത്. എന്നിട്ടും ഇപ്പോള്‍ത്തന്നെ സര്‍വീസ് റോഡുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ ട്രാക്ടര്‍, ഓട്ടോ, ബൈക്ക് തുടങ്ങിയവയെല്ലാം സര്‍വീസ് റോഡിലൂടെമാത്രം പോകേണ്ടിവരുമ്പോള്‍ കുരുക്ക് രൂക്ഷമാവും. ദേശീയപാതയുടെ വീതി 65 മീറ്റര്‍ എന്നത് കേരളത്തില്‍ 45 മീറ്റര്‍ ആക്കിയത് ഏറ്റവുമധികം ബാധിച്ചത് സര്‍വീസ് റോഡിന്റെ വീതിയെയാണ്. നിലവില്‍ സര്‍വീസ് റോഡുകള്‍ ടൂവേ ആണ്. വീതികുറഞ്ഞ ഇടങ്ങളില്‍ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. ഗതാഗതക്കുരുക്ക് ഉണ്ടായാല്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ചേര്‍ന്ന് വേണ്ട തീരുമാനങ്ങള്‍ സ്വീകരിക്കുമെന്ന് ദേശീയപാതാ ലെയ്‌സണ്‍ ഓഫീസര്‍ പിപിഎം അഷ്‌റഫ് പറഞ്ഞു.
ADVERTISEMENT