മാഹി പ്രാദേശിക ബസുകൾ തടഞ്ഞു; മണിക്കൂറുകൾ നിർത്തിയിട്ട ബസുകൾ വീണ്ടും ഓടിത്തുടങ്ങി മാഹി രജിസ്ട്രേഷൻ ബസുകൾ കേരള അതിർത്തിയിൽ തടഞ്ഞു. മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ ചേർന്നാണ് ബസുകൾ വ്യാഴാഴ്ച രാവിലെ 11 ന് തടഞ്ഞത്. കേരളത്തിൽ സർവീസ് നടത്തുന്നതിനുള്ള പെർമിറ്റില്ലെന്ന് ആരോപിച്ചാണ് ഓട്ടോ ഡ്രൈവർമാർ ബസ് തടഞ്ഞത്. ഉച്ച രണ്ടോടെ മുഴുവൻ ബസുകളും സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. കുറച്ച് നാൾ മുമ്പ് സമയക്രമം പാലിക്കുന്നില്ലെന്ന് ആരോപിച്ച് ഓട്ടോഡ്രൈവർമാർ ബസ് തടഞ്ഞിരുന്നു. തുടർന്ന് പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെയും മാഹി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും രണ്ട് ബസുകൾ വീതം സമയക്രമമനുസരിച്ച് ഓടുവാനുള്ള ധാരണയിലെത്തിയിരുന്നു. ബാക്കിയുളളവ മാഹി റെയിൽവേ സ്റ്റേഷനിൽ പോവാതെ മാഹി – കോഴിക്കോട് ജില്ലാ അതിർത്തിയിൽ നിന്നായിരുന്നു ഓട്ടം തുടങ്ങിയിരുന്നത്. എന്നാൽ വ്യാഴാഴ്ച മുതൽ വീണ്ടും പഴയത് പോലെ ബസുകൾ മാഹി ഭരണകൂടത്തിൻ്റെ നിർദ്ദേശപ്രകാരം സർവീസ് ആരംഭിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ബസുകൾ തടഞ്ഞതോടെ ചോമ്പാല പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. മാഹിയിൽ നിന്ന് 16 കി.മീ ദൂരം വരെ സർവീസ് നടത്തുന്നതിന് എഗ്രിമെൻ്റ് പ്രകാരം കഴിയുമെന്നാണ് ബസ് ജീവനക്കാരുടെ നിലപാട്. ഉദാഹരണമായി തലശ്ശേരിയിലേക്ക് മാഹിയിൽ നിന്നുള്ള സർവീസ് അവർ ചൂണ്ടികാട്ടുന്നു. മാഹി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ആദ്യം ഇറങ്ങുന്നവർക്ക് ഓട്ടോ കിട്ടുമെങ്കിലും മുഴുവൻ യാത്രക്കാർക്കും കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. സാധാരണ നിർത്തുന്ന ട്രെയിനുകൾക്ക് പുറമെ മാഹി തിരുനാൾ പ്രമാണിച്ച് മാഹിയിലെത്തുന്ന തീർഥാകർക്ക് ബസുകളുടെയും സർവീസ് സൗകര്യമുണ്ടെങ്കിൽ ഏറെ ആശ്വാസമാവുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
Sign in
Sign in
Recover your password.
A password will be e-mailed to you.