വോട്ടർപട്ടിക പരിഷ്കരണം; ‘ബിഹാർ മാതൃക നടപ്പാക്കാനാണ് നീക്കമെങ്കിൽ അത് കേരളത്തിൽ നടക്കില്ല’; എം. വി. ജയരാജൻ
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബിഹാർ മാതൃക നടപ്പാക്കാനാണ് നീക്കമെങ്കിൽ അത് കേരളത്തിൽ നടക്കില്ലെന്ന് എം. വി. ജയരാജൻ. ബീഹാറിലെ അനുബന്ധ രേഖകളാണ് കമ്മീഷൻ ഇവിടെ വിതരണം ചെയ്തത് എന്നും അത് സി പി ഐ എമ്മിനെ ആശങ്കയിലാഴ്ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിദേശികളായ വോട്ടർമാരെ നീക്കം ചെയ്യുന്നത് നിയമപരമായി ശരിയായ രീതിയല്ല. കുടിയേറിയവരെയും വിദേശികളെയും ഒഴിവാക്കുമെന്ന തീരുമാനം തിരുത്തണം. മരണപ്പെട്ടവരെയും ഇരട്ടിപ്പുള്ളതും ഒഴിവാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 2002 ലെ വോട്ടർ പട്ടിക അടിസ്ഥാന രേഖയാക്കരുത് എന്നും 2025 ലെ ഏറ്റവും ഒടുവിലത്തെ വോട്ടർ പട്ടികയാണ് പരിഗണിക്കേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ SIR തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് അംഗീകൃത രാഷ്ട്രിയ പാർട്ടികളുമായുള്ള സംസ്‌ഥാന തല യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ SIR ൽ യാതൊരു ആശങ്കയും വേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ.രത്തൻ യു ഖേൽക്കർ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് SIR തിടുക്കപ്പെട്ട് നടപ്പാക്കരുതെന്ന് സിപിഐഎം, കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പട്ടികളുടെ പ്രതിനിധികൾ ആവശ്യപ്പെട്ടു. എന്നാൽ ബി.ജെ.പി മാത്രമാണ് എസ്ഐആറിനെ പിന്തുണച്ചത്. ബിഹാറിന് സമാനമായി കേരളത്തിലും പരിഷ്കരണം വരുമ്പോൾ പലർക്കും വോട്ട് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവുമെന്ന് മറ്റ് പ്രതിനിധികൾ ചൂണ്ടിക്കാട്ടി, അടിസ്ഥാന രേഖയായി 2024 ലെ വോട്ടർ പട്ടിക പരിഗണിക്കണമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. സി.പി.എം പ്രതിനിധിയായി എം.വി.ജയരാജൻ, കോൺഗ്രസ് പ്രതിനിധിയായി പി.സി.വിഷ്ണുനാഥ്, ബി.ജെ.പി പ്രതിനിധിയായി ബി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.