Latest News From Kannur

മലപ്പുറത്ത് എടവണ്ണയില്‍ വൻ ആയുധ ശേഖരം പിടികൂടി; വീട്ടില്‍ നിന്നും കണ്ടെത്തിയത് എയര്‍ ഗണ്ണുകളും 200ലധികം വെടിയുണ്ടകളും റൈഫിളുകളും

0

മലപ്പുറം : എടവണ്ണയില്‍ വൻ ആയുധ ശേഖരം പിടികൂടി. എയർ ഗണ്ണുകളും 200ലധികം വെടിയുണ്ടകളും മൂന്ന് റൈഫിളുകളും വീട്ടില്‍ നിന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് എടവണ്ണ സ്വദേശി ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സും കണ്ടെത്തി. എടവണ്ണയിലെ ഇയാളുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം പിടിച്ചെടുത്തത്. വെടിയുണ്ടകളുമായി സഹോദരങ്ങളടക്കം നാല് പേരെ ഇന്ന് രാവിലെ പാലക്കാട് വെച്ച്‌ അറസ്റ്റ് ചെയ്തിരുന്നു. കല്‍പ്പാത്തിയില്‍ നിന്നായിരുന്നു വാഹന പരിശോധനയ്ക്കിടെ ഇവർ അറസ്റ്റിലായത്.

മൃഗവേട്ടക്ക് വേണ്ടി വാങ്ങിയതാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ആയുധങ്ങള്‍ എവിടെ നിന്നാണ് വാങ്ങിയതെന്ന അന്വേഷണമാണ് മലപ്പുറം എടവണ്ണയിലേക്ക് എത്തിയത്.പൊലീസ് നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം പിടികൂടിയത്. രണ്ട് തോക്കുകള്‍ കൈവശം വെക്കാനുള്ള ലൈസൻസെ വീട്ടുടമയായ ഉണ്ണിക്കമ്മദിനുണ്ടായിരുന്നുള്ളൂ. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ തോക്കുകളും തിരകളും ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പല തരത്തിലുള്ള തോക്കുകളും മറ്റും കൈവശം വെക്കുന്നതും വില്‍ക്കുന്നതും ഹോബിയാണെന്ന് ഇയാള്‍ പറയുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Leave A Reply

Your email address will not be published.